തിരുവനന്തപുരം : വിദേശ വനിത ലിഗ സ്‌ക്രോമേനിയുടെ വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. ലിഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേസില്‍ മുഖ്യപ്രതികളുടെ അടക്കം അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. കൊലപാതകത്തില്‍ ഇയാളെ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകള്‍ മൃതദേഹം കിടന്ന വള്ളിപ്പടര്‍പ്പുകളില്‍നിന്ന് ഫോറന്‍സിക് സംഘത്തിന് ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയില്‍നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു.വള്ളിപ്പടര്‍പ്പുകളില്‍നിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കല്‍ ബോര്‍ഡ് വെള്ളിയാഴ്ച രാത്രിയോടെ സ്ഥിരീകരിച്ചു. ഇതിന്റെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്.
യോഗ പരിശീലകനെ ലിഗയുമായി വര്‍ക്കലയിലും കോവളത്തും വച്ച് കണ്ടതായി ചിലര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് എത്തിയിരുന്നതായി നാട്ടുകരില്‍ ചിലരും പോലീസിനോട് മൊഴിനല്‍കിയിരുന്നു. മൃതദേഹത്തില്‍ നിന്ന് ലിഗയുടെതല്ലാത്ത ഓവര്‍കോട്ട് കണ്ടെടുത്തിരുന്നു.ഇതുസംബന്ധിച്ച അന്വേഷണമാണ് യോഗ പരിശീലകനിലേക്കെത്തിച്ചത്. ഇയാളെ വര്‍ക്കല ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ പകര്‍പ്പ് സഹോദരി ഇല്‍സിക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങല്‍ പുറത്തുവിടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന.