Sunday, January 19, 2025
HomeNewsKeralaലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്നയുടെ മൊഴി

ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി: ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. കൗണ്‍സല്‍ ജനറലിടക്കം കമ്മീഷന്‍ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്ന സുരേഷിന്റെ വിശദമായ മൊഴിയുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോണ്‍സല്‍ ജനറലും എം ശിവശങ്കറും താനും മുഖ്യമന്ത്രിയ്‌ക്കൊപ്പം പങ്കെടുത്തു. 2019ലാണ് ധാരണാപത്രം ഒപ്പുവച്ചത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് സമുച്ചയിത്തിനൊപ്പം അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനം.
പദ്ധതി നിര്‍വഹണ ചുമതല പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായിരിക്കും എന്നതായിരുന്നു ധാരണാപത്രം. അതായത് കരാറുകാരെ കണ്ടെത്തുന്നതും നിര്‍മാണപൂര്‍ത്തീകരണവും അടക്കം എല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരുക്കും. റെഡ് ക്രസന്റ് നല്‍കുന്ന പണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ ചുമതല. എന്നാല്‍ ധാരണാപത്രം ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ രാത്രി 7.30 ന് സ്വകാര്യയോഗം ചേര്‍ന്നെന്നാണ് സ്വപ്ന പറയുന്നത്. ധാരണാപത്രം പാടേ അട്ടിമറിച്ച് ടെന്‍ഡര്‍ പോലും വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാന്‍ കോണ്‍സല്‍ ജനറലിനെ ചുമതലപ്പെടുത്തി.
കോണ്‍സല്‍ ജനറല്‍ അടക്കമുളളവര്‍ക്ക് പദ്ധതിയില്‍ നിന്നുളള കമ്മീഷന്‍ അടിച്ചുമാറ്റായിരുന്നു ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നാണ് സ്വപ്ന പറയുന്നത്. ട കേരളത്തിലെ സംവിധാനമനുസരിച്ച് പദ്ധതി നിര്‍വഹണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കോണ്‍സല്‍ ജനറല്‍ അടക്കമുളളവര്‍ക്ക് കമ്മീഷന്‍ കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. വലിയ കമ്മീഷന്‍ മുന്നില്‍ക്കണ്ട് എല്ലാ ജില്ലകളിലും ലൈഫ് പദ്ധതിക്ക് വിദേശ പണം എത്തിക്കാന്‍ കോണ്‍സല്‍ ജനറല്‍ അടക്കമുളളവര്‍ ആലോചിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments