Sunday, November 24, 2024
HomeNewsKeralaലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിന് ജാമ്യം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും ജസ്റ്റിസ് എംഎം സുന്ദേരേഷും അനുവദിച്ചത്. ശിവശങ്കറിനു ജാമ്യം നല്‍കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തിരുന്നു.

ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കു ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു.

ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യാപേക്ഷയെ എതിര്‍ത്തു. ശിവശങ്കറിനു കസ്റ്റഡിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ചികിത്സ ലഭ്യമാക്കാമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും അദ്ദേഹത്തിനു ചികിത്സ തേടാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമം കൂടി വേണ്ടിവരില്ലേയെന്ന് ചൂണ്ടിക്കാട്ടിയ കോടതി രണ്ടു മാസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യ കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തെ വഴിതിരിച്ചു വിടാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments