സ്‌പെയിന്റെ പുതിയ കോച്ചായി ഫെര്‍ണാണ്ടോ ഹിയേറയെ നിയമിച്ചു

0
31

ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജുലന്‍ ലോപ്പറ്റേഗിയെ സ്ഥാനത്ത് നിന്ന്‌ പുറത്താക്കി. സ്‌പെയിന്‍ ദേശീയ ടീം മുഖ്യ കോച്ച് ലോപ്പറ്റേഗിയെയാണ് പുറത്താക്കിയത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെതാണ് നടപടി. ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡുമായി ധാരണയിലെത്തിയതാണ് പുറത്താക്കാന്‍ കാരണം.

അതേസമയം, മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധ താരവും ദേശീയ ടീമിന്റെ ഡയറക്ടറുമായിരുന്ന ഫെര്‍ണാണ്ടോ ഹിയേറയെ സ്‌പെയിന്റെ പുതിയ കോച്ചായി നിയമിച്ചു. ലോപ്പറ്റേഗിയ്ക്ക് പകരമായി ഉടന്‍ പുതിയ കോച്ചിനെ നിയമിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള നിയമനം. തന്റെ കരിയറില്‍ ഭൂരിഭാഗവും റയല്‍ മാഡ്രിഡിനു വേണ്ടി ചിലവഴിച്ച താരം അഞ്ചു ലാലിഗ കിരീടവും മൂന്നു ചാമ്പ്യന്‍സ് ലീഗും തന്റെ റയല്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.

റയല്‍ മാഡ്രിഡ് ലോപ്പറ്റേഗിയെ പരിശീലകനായി തീരുമാനിച്ചതിനു പുറകേയാണ് സ്‌പെയിന്‍ പരിശീലക സ്ഥാനത്തു നിന്നും മുന്‍ ഗോള്‍കീപ്പറെ പുറത്താക്കുന്നത്. ലോകകപ്പിനുള്ള സ്പാനിഷ് ടീമിലെ താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാകാനും അതു റഷ്യയില്‍ ടീമിന്റെ പ്രകടനങ്ങളെ ബാധിക്കാനും സാധ്യതയുള്ളതു കൊണ്ടാണ് ലൊപടൂയിയെ സ്‌പെയിന്‍ പുറത്താക്കിയത്. ഇന്നു അടിയന്തരമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സ്പാനിഷ് ടീമിന്റെ പരിശീലന ചുമതലയുടെ കരാര്‍ ഈ ലോകകപ്പോടെ അവസാനിക്കുന്നതോടെ റയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ലോപ്പറ്റേഗി തയ്യാറായിരുന്നു. ടീമിന് തുടര്‍ച്ചയായി മൂന്ന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ രാജിവച്ച ഒഴിവിലേക്കാണ് ലോപെറ്റെഗിയെ റയല്‍ മാഡ്രിഡ് ക്ലബ് അധികൃതര്‍ നിയമിച്ചത്. 51 കാരനായ ലോപ്പറ്റേഗി മുമ്പ് റയലില്‍ കളിച്ചിട്ടുള്ള വ്യക്തിയാണ്.

ലോകകപ്പ് നേടാന്‍ സാദ്ധ്യത കല്‍പ്പിച്ച ടീമുകളൊന്നായിരുന്നു സ്‌പെയിന്‍. കോച്ചിനെ തിരക്കിട്ട് നീക്കിയത് സ്‌പെയിനിന്റെ ലോകകപ്പ് സാദ്ധ്യതകളെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. പരിശീലകനെന്ന രീതിയില്‍ റയലിന്റെ സഹപരിശീലകനായതും സ്‌പെയിനിലെ താഴേക്കിടയിലുള്ള ഡിവിഷന്‍ ലീഗിലെ ക്ലബായ ഒവൈഡോയെ പരിശീലിപ്പിച്ചതും മാത്രമാണ് ഹിയറോയുടെ പരിചയസമ്പത്ത്. എന്നാല്‍ സ്‌പെയിനിന്റെ ഡയറക്ടര്‍ സ്ഥാനത്തിരുന്ന പരിചയം റഷ്യന്‍ ലോകകപ്പില്‍ താരത്തിനു കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നേതൃത്വവും.

Leave a Reply