Friday, November 22, 2024
HomeSportsCricketലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് വിജയ തുടക്കം; ഓസീസിന് എതിരെ ആറു വിക്കറ്റ് ജയം

ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് വിജയ തുടക്കം; ഓസീസിന് എതിരെ ആറു വിക്കറ്റ് ജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഓസ്‌ട്രേലിയയ്ക്ക് എതിരെ ആറു വിക്കറ്റ് വിജയം. ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു.  കെഎല്‍ രാഹുല്‍ 115 ബോളില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 85 റണ്‍സ് എടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവില്‍ 199 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടേയും തുടക്കം പതറിക്കൊണ്ടായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ സംപൂജ്യരായി മടങ്ങി. ഇഷാന്‍ കിഷനെ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്കാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. രണ്ടാം ഓവറില്‍, നായകന്‍ രോഹിത് ശര്‍മയെ ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റിനുമുന്നില്‍ കുരുക്കി. അതേ ഓവറിലെ അവസാന പന്തില്‍ ശ്രേയസ് അയ്യര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 19 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിനു പുറത്താകുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ ആദ്യ നാലു ബാറ്റര്‍മാരില്‍ മൂന്നുപേര്‍ പൂജ്യത്തിനു പുറത്താകുന്ന ആദ്യ മത്സരവുമാണിത്. 

നാലാംവിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലിയും കെ എല്‍ രാഹുലും ടീമിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റി. 3 വിക്കറ്റ് നഷ്ടത്തില്‍ 2 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ക്ഷമയോടെ കളിച്ച് സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടുനീക്കി. 26-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഇതിനിടെ 76 പന്തില്‍നിന്ന് കോഹ്‌ലി അര്‍ധസെഞ്ചറി കണ്ടെത്തി. പിന്നാലെ രാഹുലും അര്‍ധശതകം പൂര്‍ത്തിയാക്കി. 72 പന്തിലാണ് രാഹുല്‍ 50 പൂര്‍ത്തിയാക്കിയത്. 30 ഓവര്‍ പിന്നിട്ടതോടെ സ്‌കോറിങിന് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

38-ാം ഓവറില്‍ സ്‌കോര്‍ 167ല്‍ നില്‍ക്കെ ലബുഷെയ്‌ന് ക്യാച്ച് നല്‍കി കോഹ്‌ലി മടങ്ങിയെങ്കിലും അപ്പോഴേക്കും ജയം ഉറപ്പാക്കിയിരുന്നു. ഹെയ്‌സല്‍വുഡിനായിരുന്നു ഇത്തവണയും വിക്കറ്റ്. 116 പന്തുകള്‍ നേരിട്ട കോഹ്‌ലി 6 ഫോറുള്‍പ്പെടെ 85 റണ്‍സാണ് നേടിയത്. ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 8 പന്തില്‍ 11 റണ്‍സ് നേടി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞു മുറക്കുകയായിരുന്നു. 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. രണ്ട് ഓവറിനിടെ മൂന്നു പ്രധാന ബാറ്റര്‍മാരെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. പത്തില്‍ ആറു വിക്കറ്റും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. സ്‌കോര്‍ 5ല്‍ നില്‍ക്കെ, മൂന്നാം ഓവറില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (6 പന്തില്‍ 0) പുറത്തായി. ബുമ്രയുടെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ സകോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ 10 ഓവറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിട്ടുനല്‍കിയത് 43 റണ്‍സ് മാത്രമാണ്. കഴിഞ്ഞ 15 ഏകദിന മത്സരങ്ങള്‍ക്കിടെ, പവര്‍പ്ലേയില്‍ ഓസ്‌ട്രേലിയ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. 

17-ാം ഓവറില്‍ കുല്‍ദീപ് യാദവിന് റിട്ടേണ്‍ ക്യാച്ച് നല്‍കി വാര്‍ണര്‍ പുറത്തായി. 52 പന്തില്‍ 6 ഫോറുള്‍പ്പെടെ 41 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. 28-ാം ഓവറില്‍ സ്റ്റീവ് സ്മിത്ത് ജഡേജയുടെ പന്തില്‍ ക്ലീന്‍ ബോള്‍ഡ് ആയി. 71 പന്തില്‍ 46 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. രണ്ട് ഓവര്‍ കൂടി പിന്നിട്ടപ്പോള്‍ മാര്‍നസ് ലബുഷെയ്‌നും മടങ്ങി. ഇത്തവണയും ജഡേജയ്ക്കായിരുന്നു വിക്കറ്റ്. 41 പന്തില്‍ 27 റണ്‍സെടുത്ത ലബുഷെയ്ന്‍ വിക്കറ്റിനുപിന്നില്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഇതേ ഓവറില്‍ റണ്ണൊന്നുമെടുക്കാതെ അലക്‌സ് കാരി കൂടി വീണതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. 30 ഓവറില്‍ 5ന് 119 എന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി.

സ്‌കോര്‍ 140ല്‍ നില്‍ക്കെ, ഗ്ലെന്‍ മാക്‌സ്വെലും കാമറൂണ്‍ ഗ്രീനും തുടര്‍ച്ചയായ ഓവറുകളില്‍ പുറത്തായി. മാക്‌സ്വെലിനെ കുല്‍ദീപ് യാദവ് ക്ലീന്‍ ബോള്‍ഡ് ആക്കിയപ്പോള്‍, ഗ്രീനിനെ ആര്‍അശ്വിന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. എട്ടാമനായി ഇറങ്ങിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വമ്പനടികള്‍ക്ക് ശ്രമിച്ചെങ്കിലും ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. ബുമ്രയുടെ പന്തില്‍ ലോങ് ഓണില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി കമ്മിന്‍സ് മടങ്ങി. 24 പന്തുകള്‍ നേരിട്ട കമ്മിന്‍സ് 15 റണ്‍സാണ് നേടിയത്. ആദം സാംപ (20 പന്തില്‍ 6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ കോഹ്‌ലി പിടിച്ച് പുറത്തായി. 35 പന്തില്‍ 28 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ, മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ജോഷ് ഹെയ്‌സല്‍വുഡ് 1 റണ്ണുമായി പുറത്താകാതെനിന്നു.

10 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുവീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ജഡേജയുടെ രണ്ട് ഓവറുകള്‍ മെയ്ഡനായിരുന്നു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി ബുമ്രയും, 42 റണ്‍സ് വഴങ്ങി കുല്‍ദീപും 2 വിക്കറ്റുവീതം വീഴ്ത്തി. 10 ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുനല്‍കിയ അശ്വിന്‍ ഒരു വിക്കറ്റു സ്വന്തമാക്കി. 3 ഓവറില്‍ 28 റണ്‍സ് വഴങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും 6.3 ഓവറില്‍ 26 റണ്‍സ് വിട്ടുനല്‍കിയ മുഹമ്മദ് സിറാജും ഒരോ വിക്കറ്റുവീതം നേടി.  

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments