Sunday, September 29, 2024
HomeNewsKeralaവയനാടിനായി കൈത്താങ്ങേകി താരങ്ങള്‍; മലയാള ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം തമിഴ് താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചു

വയനാടിനായി കൈത്താങ്ങേകി താരങ്ങള്‍; മലയാള ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം തമിഴ് താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചു

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനായി കൈത്താങ്ങേകി താരങ്ങള്‍. ഇന്നും നിരവധി ചലച്ചിത്ര താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സംഭാവനകള്‍ നല്‍കിയത്. മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ നിരവധി തമിഴ് ചലച്ചിത്ര താരങ്ങളും വയനാടിനായി സഹായം നല്‍കി. മമ്മൂട്ടി 20 ലക്ഷം രൂപയും ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. വയനാടിനായി കമല്‍ ഹാസന്‍ 25 ലക്ഷം രൂപയും സംഭവാന ചെയ്തു.

തമിഴ്‌നടന്‍ സൂര്യ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജ്യോതിക 10 ലക്ഷം രൂപയും കാര്‍ത്തി 15 ലക്ഷം രൂപയും സംഭാവന ചെയ്തു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപയും ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മ്മല്‍ 25 ലക്ഷം രൂപയും സിപിഐഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതവും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ 10 ലക്ഷം രൂപയും സംഭാവന നല്‍കി.

തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ, കെ.ടി. ജലീല്‍ എംഎല്‍എ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ, തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ, കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം രൂപ, കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ, കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ, ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ, കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ എന്നിവയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments