കൊച്ചി
വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അരിമുണ്ട കോളനിയിൽ 8 വയസുള്ള സംസാരശേഷിയില്ലാത്ത ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ പോലീസ് എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പോക്സോ കേസ് ചുമത്തണമെന്നു ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ അരിമുണ്ട കോളനി നിവാസിയായ സംസാരിക്കാൻ കഴിയാത്ത 8 വയസുള്ള പെൺകുട്ടിയെ ഏപ്രിൽ 10ന്, വെള്ളിയാഴ്ച വൈകിട്ട് അച്ഛനും അമ്മയും വിറകുശേഖരിക്കാൻ വെളിയിൽ പോയനേരം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. രക്തo വാർന്നൊഴുകിയ കുട്ടിയെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ ഈ കോവിഡ് കാലത്തും പെൺകുട്ടികൾ നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാർച്ച് മാസത്തിൽ പാലക്കാട് മുതലമടയിലും കൊല്ലം ജില്ലയിൽ കടയ്ക്കലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു. ശക്തമായ അന്വേഷണം നടത്തി പ്രതികൾ ശിക്ഷിക്കപെടുന്നു എന്ന് നോക്കേണ്ട സർക്കാർ വളരെ ഉദാസീനമായാണ് പ്രവർത്തിക്കുന്നത്. കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്ന കേസുകളിൽ എത്രയും പെട്ടെന്ന് കേസന്വേഷണം നടത്തി പ്രതികൾ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരത്തണമെന്നു ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു