Tuesday, November 26, 2024
HomeLatest Newsവയനാട് ഉരുൾപൊട്ടൽ ; സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നാളെ എത്തും

വയനാട് ഉരുൾപൊട്ടൽ ; സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നാളെ എത്തും

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വയനാട് ചൂരൽ മലയിലും മുണ്ടക്കയിലും ഇന്നും തുടരും. നിലവിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 403 ആയി. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രത്യേകം മാർക്ക് ചെയ്ത സ്ഥലങ്ങളിൽ പരിശോധനകൾ തുടരാനാണ് തീരുമാനം.

സൈന്യത്തിൻറെ കഡാവർ നായ്ക്കളുടെ സഹായത്തോടെ മുൻപ് തിരച്ചിൽ നടത്താത്ത സ്ഥലങ്ങളിൽ കൂടി പരിശോധനകൾ നടക്കും . ദുരന്ത പ്രദേശത്ത് നാശനഷ്ടം സംഭവിച്ച വസ്തുവകകളുടെ കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട്. അതേസമയം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തുന്നതോടുകൂടി വയനാടിന് പ്രത്യേക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ വയനാട് ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ക്യാമ്പുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments