‘വരാനിരിക്കുന്നത് മഹത്തായ കാലം’; ഗാംഗുലിയുടെ പ്രസിഡന്റ് പദവിയെ കുറിച്ച് സെവാഗ്

0
27

ഗാംഗുലിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരുമെന്ന് തനിക്കുറപ്പാണെന്ന് ലക്ഷ്മണ്‍

ബിസിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നായകനും സഹതാരവുമായിരുന്ന സൗരവ് ഗാംഗുലിക്ക് അഭിനന്ദനവുമായി വിരേന്ദര്‍ സെവാഗ്. ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നലെയാണ് നാമനിർദേശം ചെയ്തത്. മുന്‍ നായകനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു.

ഗാംഗുലി പ്രസിഡന്റ് ആകുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സൂചനകളാണ് നല്‍കുന്നതെന്നായിരുന്നു സെവാഗ് പറഞ്ഞത്. വൈകിയേക്കാം, പക്ഷെ ഇരുട്ടല്ലെന്നും സെവാഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി നല്‍കിയ സംഭാവനകളുടെ തുടര്‍ച്ചയാകും പ്രസിഡന്റ് സ്ഥാനവുമെന്നും സെവാഗ് പറഞ്ഞു.

മറ്റൊരു മുന്‍ താരമായ വിവിഎസ് ലക്ഷ്മണും ഗാംഗുലിയെ അഭിനന്ദിച്ചു. ഗാംഗുലിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരുമെന്ന് തനിക്കുറപ്പാണെന്നായിരുന്നു ലക്ഷ്മണിന്റെ പ്രതികരണം.

ബിസിസിഐ പ്രസിഡന്റാകുമെന്നു താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നും, ഈ പദവിയില്‍ തന്നെ നിയമിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗാംഗുലി പ്രതികരിച്ചു. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായതാണെന്നും അദ്ദേഹം പറഞ്ഞു.

”ഈ നിയമനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്, കാരണം ഇത് ബിസിസിഐയുടെ സല്‍പ്പേരിന് വിഘ്‌നം സംഭവിച്ച സമയമാണ്, എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള മികച്ച അവസരമാണിത്. നിങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, ഈ പദവി ഒരു വലിയ ഉത്തരവാദിത്തമാണ്. കാരണം ബിസിസിഐ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ്. ഇന്ത്യ ഒരു ശക്തികേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഇതൊരു വെല്ലുവിളിയാകും” ഗാംഗുലി പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും രഞ്ജി ട്രോഫിയിലേക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും ഗംഗുലി പറഞ്ഞു. എന്‍.ശ്രീനിവാസന്‍ പക്ഷക്കാരനായ ബ്രിജേഷ് പട്ടേല്‍ ആയിരിക്കും പുതിയ ബിസിസിഐ പ്രസിഡന്റ് എന്നായിരുന്നു സൂചനകള്‍. എന്നാല്‍ പെട്ടെന്നായിരുന്നു തീരുമാനം മാറിയത്. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയിലേക്കായിരിക്കും തിരഞ്ഞെടുക്കപ്പെടുക.

Leave a Reply