കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്. ഇവരെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനം മൂലമാണെന്നുമുള്ള നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ അര്‍ടിഎഫ് ഈ ആരോപണം നിഷേധിച്ചിരുന്നു. മൂന്നോ നാലോ മിനുറ്റ് മാത്രമേ ശ്രീജിത്ത് കസ്റ്റഡിയില്‍ ഉണ്ടായിരുന്നുള്ളൂ. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പിടികൂടിയ ഉടന്‍ തന്നെ സ്റ്റേഷനിലെത്തിച്ചെന്നും അര്‍ടിഎഫ് കോണ്‍സ്റ്റബിള്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ ചോദ്യം ചെയ്യും. മര്‍ദ്ദത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടുപോവുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ടാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ കൂടുതല്‍ വിശദീകരണം ഡോക്ടറില്‍ നിന്ന് തേടേണ്ടതുണ്ട്. അതുകൂടി ലഭിച്ച ശേഷമായിരിക്കും ശ്രീജിത്തിന്റെ മരണത്തില്‍ അറസ്റ്റടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുക. വരാപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ശ്രീജിത്തിന് സ്‌റ്റേഷനുള്ളില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യത കുറവാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. ശ്രീജിത്തിനൊപ്പം 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ശ്രീജിത്തിന് മാത്രം മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല.
അതുകൊണ്ടുതന്നെ കൂട്ടുപ്രതികളെ അടക്കം വിശദമായി ചോദ്യം ചെയ്യണം. ഇവരുടെ സാന്നിധ്യത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകണം. സ്‌റ്റേഷിനിലെ സാഹചര്യങ്ങള്‍ വെച്ച് അവിടെവെച്ച് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ലെനനാണ് നിഗമനം. നേരത്തെ മനുഷ്യാവകാശ കമ്മീഷനും പോലീസ് സ്‌റ്റേഷനില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ഇതേ നിലപാട് തന്നെയാണ് കമ്മീഷന്റേതുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടാസ്‌ക് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ അന്വേഷണം നീളുന്നത്. ഇവര്‍ക്കെതിരെ ശ്രീജിത്തിന്റെ ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.