കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആളുമാറി. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന.
വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിന് ശ്രീജിത്തിനെ കാണിച്ചുകൊടുത്തത്. കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം പരിചയമുണ്ടായിരുന്നില്ല. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാസുദേവന്റെ വീട് ആക്രമിക്കപ്പെടുമ്പോള്‍ ശ്രീജിത്ത് വീട്ടിലുണ്ടായിരുന്നു. ഇക്കാര്യം ശ്രീജിത്തിന്റെ സഹോദരനും വ്യക്തമാക്കി.
ശ്രീജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിക്കുമ്പോള്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ എടുത്ത ചിത്രങ്ങളും പുറത്തുവന്നു. ഇതില്‍ ശ്രീജിത്തിന് പരിക്കുകളില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനായി ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുകയാണ്. .
വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് എവിടെ വെച്ചാണ്, എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയാണിത്. ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ ദീപക്കാണ് ക്രൂരമായി മര്‍ദിച്ചതെന്ന് നേരത്തെ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് അവധിയിലായിരുന്ന എസ്‌ഐ രാത്രി രണ്ടു മണിയോടെ സ്‌റ്റേഷനിലെത്തുകയായിരുന്നു. സംഭവത്തില്‍ എസ് ഐ ദീപക്, സിഐ ക്രിസ്പിന്‍ സാം, തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെയും ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.