വരാപ്പുഴ കേസ്: സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി; ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജി തള്ളി

0
41

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ പൊലീസ് അന്വേഷണം മതിയെന്ന് കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി സിബിഐ അന്വേഷണമെന്ന ആവശ്യം നിരാകരിച്ചത്.

കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു സിബിഐയുടെ നിലപാട്. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് വാദത്തിനിടെ സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ എസ്പിക്ക് പങ്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജി പരിഗണിക്കവെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. എസ്പിയുടെ ആര്‍ടിഎഫ് രൂപീകരണം നിയമവുരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എവി ജോര്‍ജിന് അനുകൂലമായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. ആരുടെയും നിര്‍ദേശം ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍ടിഎഫ് പ്രവര്‍ത്തിക്കുമോ. റൂറല്‍ എസ്പിയുടെ നിയന്ത്രണത്തിലുള്ള ആര്‍ടിഎഫ് അദ്ദേഹത്തിന്റെ നിര്‍ദേശമില്ലാതെ ആരെയെങ്കിലും കസ്റ്റഡിയില്‍ എടുക്കുമോ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണം ആണോയെന്നും കോടതി ആരാഞ്ഞിരുന്നു.

Leave a Reply