കൊച്ചി: കോളേജ് വിദ്യാര്‍ഥിനി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ സഹപാഠിയോടൊപ്പം സംസാരിച്ചു നില്‍ക്കുന്ന ചിത്രം തെറ്റായ തരത്തിൽ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ വിവാഹം മുടങ്ങിയതായി പരാതി. സംഭവത്തിൽ തെറ്റായ തരത്തിൽ സന്ദേശം അയച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്.
അറസ്റ്റിലായ ഷിഹാബ് പരീത് പിഡിപി ജില്ലാ സെക്രട്ടറിയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുമായി ഇയാൾക്ക് മുൻപരിചയമോ വൈരാഗ്യമോ ഇല്ല. എന്നാൽ തട്ടമിട്ട പെൺകുട്ടി, ചന്ദനക്കുറി തൊട്ട സഹപാഠിയുമായി സംസാരിച്ചുനിൽക്കുന്നത് കണ്ട ഇയാൾക്ക് മതസ്നേഹം കലശലായി. തുടർന്ന് മുസ്ലീം പെൺകുട്ടിയെ ഹിന്ദു യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന ചിന്തയിലാണ് ഇയാൾ സന്ദേശം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മാര്‍ച്ച് 26-ാം തീയതിയാണ് സംഭവം. കോളേജ് വിദ്യാര്‍ഥിനിയായ എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്. വിദ്യാര്‍ഥിനിയെ അപമാനിക്കും വിധം, ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്‌സ് ക്ലിപ്പ് സഹിതമുള്ള സന്ദേശമാണ് പ്രതി പ്രചരിപ്പിച്ചത്.
വിദേശരാജ്യങ്ങളിലും മറ്റും വാട്ട്‌സ് ആപ്പ് വഴി വ്യാപകമായി സന്ദേശം പ്രചാരണത്തിലായി. ഇതോടെ യുവതിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.