വാഹനങ്ങള്‍ തടഞ്ഞിട്ടില്ല; കസ്റ്റഡിയിലെടുത്തത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ഗീതാനന്ദന്‍

0
28

വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍. പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെറുതെ നില്‍ക്കുകയായിരുന്ന തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നെന്നും ഗീതാനന്ദന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഹൈക്കോടതി ജംഗ്ഷനില്‍വെച്ചാണ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനു പുറമേ സി.എസ് മുരളി ശങ്കര്‍, അഡ്വ. പി.ജെ മാനുല്‍, വി.സി ജെന്നി, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങിയ ദളിത്-മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എറണാകുളത്ത് അറസ്റ്റിലായത്. ആലപ്പുഴയില്‍ പതിനൊന്ന് പേരെയും വടകരയില്‍ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിലും ഉള്ള്യേരിയിലും സമരനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കണ്ണൂര്‍ പുതിയതെരുവിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.

Leave a Reply