വാഹനരജിസ്‌ട്രേഷന്‍ വെട്ടിപ്പില്‍ സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു; ഫഹദ് ഫാസിലിനെതിരെ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും

0
27

കൊച്ചി: വാഹനരജിസ്‌ട്രേഷന്‍ വെട്ടിപ്പില്‍ സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു. ഇരുവരും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. രജിസ്‌ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമെന്ന് സ്ഥിരീകരിച്ചു. വ്യാജരേഖ ചമയ്ക്കല്‍, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാകും കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിച്ചെന്നാണ് അമല പോളിനെതിരായ കേസ്. കേസില്‍ അമലയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്നുമാണ് അമലയുടെ മൊഴി. എന്നാല്‍ അമല പറയുന്ന വീട്ടില്‍ നേരത്തേ തന്നെ ക്രൈംബ്രാഞ്ചെത്തി പരിശോധിച്ചിരുന്നു. പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപാര്‍ട്മെന്റാണത്. ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടകവീടല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. മൊഴി സ്ഥിരീകരിക്കുന്ന രേഖകളൊന്നും അമല ഹാജരാക്കിട്ടുമുണ്ടായിരുന്നില്ല.

സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്.എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്മെന്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിരുന്നു. ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാറുകള്‍ വാങ്ങിയത്. നിയമവശങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നുമായിരുന്നു ഫഹദ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നത്. 2015 ലും 2016 രണ്ട് കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തുവെന്നാണ് ഫഹദിനെതിരായ കേസ്.

Leave a Reply