🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണത്തിനു സുപ്രീം കോടതി. തിങ്കളാഴ്ചവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം അരുതെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം തിങ്കളാഴ്ച പരിഗണിക്കും. പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിക്കു കൈമാറണമെന്നും നിര്‍ദേശം.
🔳വിദേശത്തുനിന്ന് എത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം വന്നശേഷമേ പുറത്തിറങ്ങാവൂവെന്നാണു കേന്ദ്ര നിര്‍ദേശമെന്നും മന്ത്രി അറിയിച്ചു.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹൈക്കോടതിയില്‍. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. പദ്ധതിക്കു പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
🔳കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്തു സ്വന്തമാക്കാന്‍. കസ്റ്റഡിയിലായ കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞാണെന്ന് വിശ്വസിപ്പിച്ച് ഒന്നിച്ചു ജീവിക്കാനുള്ള ശ്രമമായിരുന്നു. ഇബ്രാഹിം ബാദുഷയുമായി ചേര്‍ന്നു നടത്തിയ ബിസിനസില്‍ നീതു മുടക്കിയെന്ന പറയുന്ന 30 ലക്ഷം രൂപയും സ്വര്‍ണ്ണവും വീണ്ടെടുക്കാനാണ് ശിശുവിനെ തട്ടിയെടുത്തതെന്നാണു നേരത്തെ പോലീസിനു മൊഴി നല്‍കിയിരുന്നത്.
🔳കോര്‍പറേഷന്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ നിര്‍മ്മാണ്‍ എന്ന പേരിലാണ് വിജിലന്‍സ് റെയ്ഡ്.
🔳താന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയമല്ല പ്രധാനം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയം തുറന്നു പറയുന്നില്ല. പ്രതിപക്ഷത്തിനു വിഷയത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഗവര്‍ണര്‍ പറഞ്ഞു.
🔳നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നു പോലീസ് പറയുന്ന ഒരു കത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2018 മേയ് മാസത്തില്‍ പള്‍സര്‍ സുനി എഴുതിയ കത്താണിത്.
🔳സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ 18 നു പണിമുടക്കും. കൂട്ടഅവധിയെടുത്താണു പ്രതിഷേധം. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിക്കാന്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനാണ് തീരുമാനിച്ചത്.
🔳നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. ഈ വര്‍ഷം മുന്നാക്ക സംവരണം നടപ്പാക്കാനും അനുമതി നല്‍കി. എന്നാല്‍ മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത വിശദമായി പരിശോധിക്കും. മുന്നാക്ക സംവരണ കേസ് മാര്‍ച്ച് മൂന്നിനു സുപ്രീം കോടതി വിശദമായി വാദം കേള്‍ക്കും.
🔳കേരളത്തിലെ സ്വകാര്യ ബിഎഡ് കോളജുകളിലെ ഫീസ് വര്‍ധനയ്ക്കു സുപ്രീം കോടതിയുടെ അനുമതി. മെരിറ്റ് സീറ്റില്‍ 45,000 രൂപയും മാനേജുമെന്റ് സീറ്റില്‍ 60,000 രൂപയും ഫീസ് ഈടാക്കാനാണ് അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ ഫീസ് വര്‍ധന അരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി തള്ളി.
🔳സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേക്കല്ല് പറിക്കുമെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സ്വന്തം പല്ലു കൊഴിയാതെ സൂക്ഷിക്കണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍. ഫേയ്സ്ബുക്കിലൂടെയാണ് ഈ പ്രതികരണം.
🔳ചേര്‍ത്തലയില്‍ ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളാണു പിടികൂടിയത്.
🔳കോഴിക്കോട് പന്തീരങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍. മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ അരുണ്‍ (21), കാര്‍ ഡ്രൈവര്‍ എന്നിവരടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു.
🔳രാമനാട്ടുകര അറപ്പുഴ പാലത്തില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനപകടത്തല്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് സ്വദേശി ഹാരിസ് അബ്ദുവിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്.
🔳ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും തേഞ്ഞിപ്പലം സ്വദേശിയുമായ ആദര്‍ശ് നാരായണനാണ് മരിച്ചത്.
🔳പഞ്ചായത്ത് യോഗത്തിനിടെ കോണ്‍ഗ്രസ് അംഗം ശരീരത്തില്‍ പെട്രോളൊഴിച്ചു പ്രതിഷേധിച്ചു. തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ മെമ്പര്‍ തോട്ടുമുക്ക് അന്‍സാറാണു പെട്രോളൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്. സിപിഎം ഭരണസമിതി തന്റെ വാര്‍ഡിനോടു വിവേചനം കാണിക്കുന്നെന്നും തീരുമാനിക്കാത്ത കാര്യങ്ങള്‍ മിനിറ്റ്സില്‍ എഴുതിച്ചേര്‍ത്തെന്നും ആരോപിച്ചാണ് ഇങ്ങനെ പ്രതിഷേധിച്ചത്.
🔳കേരളത്തിലേക്കു പുതിയ നിക്ഷേപങ്ങള്‍ ക്ഷണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെലുങ്കാനയില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നു. ഐടി, ഫാര്‍മസി, ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും. തെലുങ്കാനയിലേക്കു ചുവടുമാറ്റുന്ന കിറ്റെക്സിനുള്ള മറുപടികൂടിയാണ് ഇന്നു വൈകുന്നേരം നടക്കുന്ന നിക്ഷേപ സംഗമം.
🔳ചുരുളി സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.
🔳സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. ഈ മാസം 14 ന് ശബരിമലയിലെ സന്നിധാനം ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
🔳വ്ളോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂരിനെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്.
🔳വെളുത്ത പ്ലാവ് അടക്കം 56 ഇനം പ്ലാവുകള്‍. തൃശൂര്‍ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ഫാമിലെ പ്ലാവുകളുടെ വൈവിധ്യം കണ്ട് കൃഷിമന്ത്രി പി. പ്രസാദിന് അതിശയം. അപൂര്‍വകാഴ്ചയെന്നും ഫാമുടമ വര്‍ഗീസ് തരകന്റെ ജൈവകൃഷിയും മണ്ണുസംരക്ഷണവും മാതൃകയെന്നും മന്ത്രി.
🔳ഒരു കോടി രൂപയുടെ സ്വര്‍ണവുമായി മുങ്ങിയ യുവാവിനെ തേടി കാസര്‍കോട്ടെ ഗുണ്ടാസംഘം. ഷാര്‍ജയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണക്കട്ടികള്‍ ഇടപാടുകാര്‍ക്കു നല്‍കാതെ മുങ്ങിയയാളെയാണു തെരയുന്നത്. പുറമേരിയിലെ വീട്ടിലും ഭാര്യവീട്ടിലും സ്വര്‍ണക്കടത്തുസംഘം എത്തിയിരുന്നു.
🔳തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ അനുമതിയായി. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങാന്‍ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണസ്ഫോടനം പുരോഗമിക്കുകയാണ്. ഏപ്രില്‍ മാസത്തിനു മുമ്പ് രണ്ടാം തുരങ്കവും തുറക്കാനാണു പരിപാടി.
🔳അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം ഉണ്ടായേക്കും. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പ്. പ്രചാരണറാലികള്‍ക്കും റോഡ് ഷോകകള്‍ക്കും കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍.
🔳തമിഴ്നാട്ടില്‍ പൊലീസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ രണ്ടു പേരെയാണ് വെടിവച്ചുകൊന്നത്. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രതികളായ ദിനേശ്, മൊയ്തീന്‍ എന്നിവര്‍ തങ്ങളെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന് പൊലീസ്. ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം കാര്‍ത്തിക്, മഹേഷ് എന്നീ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ പ്രതികളെയാണു പോലീസ് വെടിവച്ചുകൊന്നത്.
🔳മെക്സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നു പത്തു മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
🔳ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ രാജ്യത്തെ ആദ്യത്തെ വെള്ളി എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടിനു (ഇടിഎഫ്) തുടക്കമിട്ടു. വെള്ളിയുടെ ആഭ്യന്തര വിലയിലെ (ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍-എല്‍ബിഎംഎയുടെ വില അടിസ്ഥാനമാക്കി) മാറ്റങ്ങള്‍ക്ക് അനുസരിച്ച് വെള്ളി നിക്ഷേപകര്‍ക്ക് ആദായം ലഭിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ സില്‍വര്‍ ഇടിഎഫ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ന്യു ഫണ്ട് ഓഫര്‍ ജനുവരി 19ന് അവസാനിക്കും. അപേക്ഷിക്കുന്ന വേളയില്‍ നിക്ഷേപകര്‍ നല്‍കേണ്ട കുറഞ്ഞ തുക 100 രൂപയും തുടര്‍ന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
🔳ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വര്‍ണവില ഗ്രാമിന് 4495 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4515 രൂപയായിരുന്നു വില. 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് ഇന്നലെ 4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്ന് 4460 രൂപയായാണ് ഇന്നത്തെ സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്.
🔳ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയ്‌ലര്‍ പുറത്ത്. ഒരു വിവാഹാലോചനയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹന്‍ലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ 26ന് പ്രദര്‍ശനത്തിനെത്തും.
🔳ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് വാത്തി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തിയില്‍ സംയുക്ത മേനോനാണ് നായിക. ധനുഷ് തന്നെയായിരുന്നു ‘വാത്തി’ ചിത്രം പ്രഖ്യാപിച്ചത്. ഒരു കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍.
🔳ഫോക്‌സ്വാഗണ്‍ ബസിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചിരിക്കുന്നു. 2024 ഐഡി ബസ് മൈക്രോബസ് 2022 മാര്‍ച്ച് 9 ന് അവതരിപ്പിക്കും. ഐഡി ബസ് കണ്‍സെപ്റ്റിന്റെ അവസാന പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പിന്റെ ടീസറുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ എത്തി. ഈ ഇലക്ട്രിക് വാന്‍ 2022 മാര്‍ച്ച് 9-ന് അരങ്ങേറുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം തന്നെ ഐഡി ബസിന്റെ കണ്‍സെപ്റ്റ് വെഹിക്കിളില്‍ നിന്ന് വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലേക്ക് ഫോക്‌സ്വാഗണ്‍ കടന്നേക്കും. 2023-ല്‍ വാഹനം അന്താരാഷ്ട്ര ഡീലര്‍ഷിപ്പുകളില്‍ എത്താനും സാധ്യതയുണ്ട്.
🔳സ്മാര്‍ട് ഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്നും ഇനി ഓഹരികള്‍ വാങ്ങാം. വില്‍ക്കാം. ഓണ്‍ലൈന്‍ ട്രേഡിങ്ങിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ വിപണിയുടെ സാങ്കേതിക വശങ്ങള്‍ വരെ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന പുസ്തകം. സമ്പാദ്യത്തിന്റെ വിശാല ലോകത്തേക്ക് പ്രവേശിക്കാം. നേട്ടങ്ങള്‍ കൊയ്യാം. ‘ഓണ്‍ലൈനിലൂടെ ഓഹരി വ്യാപനം’. മനോരമ ബുക്സ്. വില 200 രൂപ.
🔳നമ്മളില്‍ പലര്‍ക്കും എപ്പോഴെങ്കിലും കണ്ണ് തുടിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ടാകാം. പൊതുവെ അല്പസമയത്തേക്ക് മാത്രമേ കണ്ണ് തുടിപ്പ് നീണ്ടുനില്‍കാറുള്ളു. പക്ഷേ ചിലരില്‍ ഇത് ദിവസങ്ങളോളവും ആഴ്ചകളോളവും നീണ്ടെന്നു വരാം. അത്തരം സാഹചര്യങ്ങളില്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. കണ്ണ് തുടിക്കുന്നത് സ്വാഭാവികമല്ല, പല കാരണങ്ങളും അതിനു പിന്നില്‍ കാണാം. സാധാരണയായി മാനസിക സമ്മര്‍ദ്ദം, തളര്‍ച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടര്‍ന്നാണ് കണ്ണ് തുടിക്കുന്നത്. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ക്കും വേണ്ടതുപോലെ കണ്ണിനും പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ ബി12ന്റെ കുറവ് കാരണമാണ് ഈ അവസ്ഥ പ്രധാനമായും ഉണ്ടാകുന്നത്. നെര്‍വ് ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വിറ്റാമിന്‍ ബി12 അത്യന്താപേക്ഷിതമാണ്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറിന്‍, ഫോസ്‌ഫേറ്റ് തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയും കാരണമാകാറുണ്ട്. അമിത മദ്യപാനവും കഫീന്‍ അധികമായി കഴിക്കുന്നതും കണ്ണ് തുടിപ്പിന് കാരണമാകുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.32, പൗണ്ട് – 100.65, യൂറോ – 83.99, സ്വിസ് ഫ്രാങ്ക് – 80.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.20, ബഹറിന്‍ ദിനാര്‍ – 197.18, കുവൈത്ത് ദിനാര്‍ -245.51, ഒമാനി റിയാല്‍ – 193.07, സൗദി റിയാല്‍ – 19.80, യു.എ.ഇ ദിര്‍ഹം – 20.24, ഖത്തര്‍ റിയാല്‍ – 20.42, കനേഡിയന്‍ ഡോളര്‍ – 58.49.
➖➖➖➖➖➖➖➖