വാർത്തകൾ ചുരുക്കത്തിൽ

0
21



പ്രഭാത വാർത്തകൾ
2020 ജൂലൈ 16 | 1195 കർക്കടകം 1 | വ്യാഴാഴ്ച (കാർത്തിക നാൾ)

യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജ് മുഖേന 12 തവണ സ്വര്‍ണം കടത്തിയെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. സ്വപ്നയും സരിത്തും കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്നപ്പോഴും ജോലിയില്‍നിന്നു പിരിഞ്ഞശേഷവും കോണ്‍സുലേറ്റ് സൗകര്യങ്ങള്‍ കള്ളക്കടത്തിന് വിനിയോഗിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചുവച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു വിധേയനായശേഷമാണ് ഫോണ്‍ പിടിച്ചുവച്ചത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കൂ.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്ത് നല്‍കിയ ഐ.ടി വകുപ്പിലെ അരുണ്‍ ബാലചന്ദ്രനെ മുഖ്യമന്ത്രിയുടെ ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി.
മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം അരുണ്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു ഫ്ളാറ്റ് ബുക്കുചെയ്തു നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

സംസ്ഥാനത്ത് ഇന്നലെ 623 പേര്‍ക്കുകൂടി കോവിഡ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്നു  വ്യക്തമല്ല. ഇന്നലെ രോഗബാധിതരായവരില്‍ 96 പേര്‍ വിദേശത്തുനിന്നും 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം. 196 പേര്‍ രോഗമുക്തി നേടി.

ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4.

കേരളത്തില്‍ കോവിഡ് ചികില്‍സയിലുള്ളത് 4880 പേര്‍. 9,553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,84,601 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 4,989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 16 പ്രദേശങ്ങള്‍കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.

ജീവനുവേണ്ടി അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരില്‍നിന്നും ആരിലേക്കും രോഗം ബാധിക്കാം. അകലം പാലിക്കണം. മാസ്‌ക് ധരിച്ചാല്‍ എല്ലാമായെന്ന് കരുതരുത്. കോവിഡ് രോഗികളില്‍ 60 ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികില്‍സാ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 750 പേര്‍ക്ക് ഇവിടെ ചികില്‍സാ സൗകര്യം നല്‍കും.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കു സെക്രട്ടേറിയറ്റിനു സമീപം മുറിയെടുത്തു കൊടുത്തത് എം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്ത്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനാണു ഫ്‌ളാറ്റ് തരപ്പെടുത്തിയത്. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും ആറു ദിവസത്തേക്ക് താല്‍ക്കാലിക താമസത്തിന് ഫ്‌ളാറ്റ് വേണമെന്നാണ് ശിവശങ്കരന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് അരുണ്‍ എന്നയാള്‍ വിളിച്ചുപറഞ്ഞാണ് ഫ്‌ളാറ്റ് നല്‍കിയതെന്ന് കെയര്‍ടേക്കര്‍. ഫോണ്‍ സംഭാഷണം കെയര്‍ ടേക്കറാണ് കസ്റ്റംസിന് കൈമാറിയത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ നീക്കം ചെയ്ത സംഭവം മന്ത്രിസഭയില്‍ റിപ്പോര്‍ട്ടു ചെയ്യാതെ മുഖ്യമന്ത്രി. അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

ബിജെപിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്ന് മുല്ലപ്പള്ളി .ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. ഭരണസംവിധാനത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെളിഞ്ഞു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഫാ. റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍. ശിക്ഷിച്ച തലശേരി പോക്‌സോ കോടതിയുടെ വിധിയ്‌ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് ഫാ. റോബിന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക്. മരിച്ചവരുടെ എണ്ണം ഇരുപത്തയ്യായിരത്തിലേക്കും. ഇന്നലെ 614 പേര്‍കൂടി മരിച്ചു. 32,607 പേര്‍കൂടി രോഗികളായി. ഇതുവരെ 24,929 പേര്‍ മരിക്കുകയും 9,70,169 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 3.31 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 6.13 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 233 പേര്‍കൂടി മരിക്കുകയും 7,975 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.11 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 68 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 4,496 പേര്‍കൂടി രോഗികളായി. 47,343 പേര്‍ ചികില്‍സയിലുണ്ട്. 87 പേര്‍കൂടി മരിച്ച കര്‍ണാടകയില്‍ 3,176 പേര്‍കൂടി രോഗികളായി. 27,849 പേര്‍ ചികില്‍സയിലുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ ലഡാക്ക് സന്ദര്‍ശിക്കും. സുരക്ഷാ അവലോകനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ജൂലൈ 18 ന് ജമ്മു കാശ്മീരും രാജ്നാഥ് സിങ് സന്ദര്‍ശിക്കും. കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരാവണെ അദ്ദേഹത്തെ അനുഗമിക്കും.

കാഷ്മീരിലെ ബിജെപി നേതാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായ മെഹ്റാജുദ്ദീന്‍ മല്ലയെയാണ് റാഞ്ചിയത്. തെരച്ചിലിന് സുരക്ഷാസേനയുടെ സഹായം തേടിയിട്ടുണ്ട്.

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയതിനു പിറകേ, അദ്ദേഹവുമായി ചര്‍ച്ചയ്ക്കു തയാറെന്ന് കോണ്‍ഗ്രസ്. പറയാനുള്ളത് പാര്‍ട്ടിക്കകത്ത് പറയണം. മാധ്യമങ്ങള്‍ വഴിയല്ല സംസാരിക്കേണ്ടത്. രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.

ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി. 300 കോടി രൂപയ്ക്കുവരെ ആയുധങ്ങള്‍ വാങ്ങാം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഈ തീരുമാനമെടുത്തത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ടിക് ടോക്ക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകളോട് ഇന്ത്യയുടെ 77 ചോദ്യങ്ങള്‍. ഉള്ളടക്കം സെന്‍സര്‍ ചെയ്യല്‍, വിദേശ ഭരണകൂടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കല്‍, ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ച് സ്വാധീനിക്കല്‍ ഉള്‍പ്പടെയുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്.  

പൂനെ നഗരം ശനിയാഴ്ചവരെ അടച്ചിടും. കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായ പ്യാരേ മിയാനെ പിടികൂടാന്‍ മധ്യപ്രദേശ് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പ്യാരേ മിയാന്റെ ഭോപ്പാലിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ നിരവധി സെക്‌സ് ടോയ്‌സും ലക്ഷങ്ങള്‍ വിലവരുന്ന മദ്യവും കണ്ടെത്തിയിരുന്നു. സെക്‌സ് പാര്‍ട്ടികള്‍ നടത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും പോലീസ്.

കഴിഞ്ഞ മാസം ഇന്ത്യക്ക് 79 കോടി ഡോളറിന്റെ വാണിജ്യ മിച്ചം. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് വാണിജ്യ മിച്ചമുണ്ടാകുന്നത്. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഇറക്കുമതി കുറഞ്ഞതാണു കാരണം. ക്രൂഡ് ഓയില്‍, സ്വര്‍ണം മറ്റു വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം കുറഞ്ഞിട്ടുണ്ട്. ജൂണ്‍ മാസത്തെ ഇറക്കുമതി 47.59 ശതമാനം ഇടിഞ്ഞ് 2111 കോടി ഡോളറിലെത്തി. കയറ്റുമതി 12.41 ശതമാനം കുറഞ്ഞ് 2191 കോടി ഡോളറിലെത്തി.

സ്പെക്ട്രം ലഭിച്ചാലുടനെ രാജ്യത്ത് 5 ജി ട്രയല്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അടുത്ത വര്‍ഷത്തോടെ ഇതു സാധ്യമാകും. ഗൂഗിള്‍ ജിയോ പ്ലാറ്റ്ഫോംസില്‍ 33,737 കോടി രൂപ നിക്ഷേപിക്കും. ജിയോ പ്ലാറ്റ്ഫോമില്‍ 7.7ശതമാനം ഓഹരി ഗൂഗിളിനു ലഭിക്കും. കമ്പനിയുടെ 43-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

റിലയന്‍സ് പുതിയ ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് പുതിയ കണ്ടന്റ് അഗ്രഗേറ്റര്‍ സേവനം അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ ആകാഷ് അംബാനിയാണ് ജിയോ ടിവി പ്ലസ് യൂസര്‍ ഇന്റര്‍ഫെയ്സ് അവതരിപ്പിച്ചത്.

ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 5,490 പേര്‍കൂടി മരിച്ചു. 2,21,782 പേര്‍കൂടി രോഗികളായി. ഇതുവരെ 5,85,929 പേര്‍ മരിക്കുകയും 1.36 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. ബ്രസീലില്‍ 1,261 പേരും അമേരിക്കയില്‍ 948 പേരും മെക്‌സിക്കോയില്‍ 836 പേരും ഇന്നലെ മരിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1.40 ലക്ഷവും രോഗബാധിതരുടെ എണ്ണം 36.15 ലക്ഷവുമാണ്. ബ്രസീലില്‍ 75,523 പേര്‍ മരിക്കുകയും 19.70 ലക്ഷം പേര്‍ രോഗികളാകുകയും ചെയ്തു.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി.

സെപ്റ്റംബറില്‍ നടത്താനിരുന്ന ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവയ്ക്കും. ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ആലോചിക്കുന്നത്. നാളെ നടക്കുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനം.

2022-ലെ ഖത്തര്‍ ലോകകപ്പിന്റെ കിക്ക് ഓഫ് അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തര്‍ സുപ്രീം കമ്മിറ്റിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. നവംബര്‍ 21-നാണ് ആദ്യ മത്സരം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്കു പ്രവേശനം നല്‍കും. ഫൈനല്‍ 80,000 സീറ്റുകളുള്ള ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18-ന് നടക്കും.

പ്രമുഖ ഭക്ഷ്യോത്പന്ന വിതരണ ബ്രാന്‍ഡ് നിറപറയുടെ നിര്‍മാതാക്കളായ കെകെആര്‍ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ സംരഭമായ ‘എന്‍ നാട്ടുകട’ കൊച്ചിയില്‍ അവതരിപ്പിച്ചു. അരി, മസാല പൊടികള്‍, അച്ചാറുകള്‍, ബ്രേക്ഫാസ്റ്റ് പൗഡറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ നിറപറയുടെ എല്ലാ ഉത്പന്നങ്ങളും എന്‍ നാട്ടുകടയില്‍ ലഭിക്കും. ഒപ്പം തെരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും എന്‍ നാട്ടുകടയില്‍ നിന്നും ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്നതാണ്. എന്‍ നാട്ടുകടയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ‘എന്‍കട’ യും കെകെആര്‍ ഗ്രൂപ്പ് ലോഞ്ച് ചെയ്തിട്ടുണ്ട്.

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രമുഖ മോഡലുകളായ ബലേനോയും വാഗണ്‍ ആറും തിരിച്ചുവിളിക്കുന്നു. 2018 നവംബറിനും 2019 ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച വാഗണ്‍ ആര്‍, 2019 ജനുവരിക്കും 2019 നവംബറിനും മധ്യേ നിര്‍മ്മിച്ച ബലേനോ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യൂവല്‍ പമ്പിലെ തകരാറാണ് തിരിച്ചുവിളിക്കാനുളള കാരണമായി മാരുതി സുസുക്കി വിശദീകരിക്കുന്നത്.

സുശാന്ത് സിംഗിന്റെ അവസാനചിത്രം ‘ദില്‍ ബേചാര’യുടെ പുറത്തെത്തിയ ട്രെയ്‌ലര്‍ ലൈക്കുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഈ മാസം ആറിന് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ട്രെയ്‌ലറിന് ഇതിനകം ലഭിച്ചിരിക്കുന്നത് ഒരു കോടിയില്‍ പരം ലൈക്കുകളാണ്. പിന്നാലെയെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രണയഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘താരെ ഗിന്‍’ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ. മോഹിത് ചൗഹാനും ശ്രേയ ഘോഷാലും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുശാന്തിന്റെ നായികയായിരിക്കുന്നത് സഞ്ജന സംഗിയാണ്.

ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കഴിഞ്ഞ മാസമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.ഖാലിദ് റഹ്മാന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു.

സിറ്റിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ – ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. സെഡാന്‍ ശ്രേണിയില്‍ കണ്ട് പരിചയിച്ചിട്ടില്ലാത്ത നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അഞ്ചാം തലമുറ സിറ്റിയുടെ പിറവി.

Leave a Reply