വാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ
2020 ജൂലൈ 17 | 1195 കർക്കടകം 2 | വെള്ളിയാഴ്ച (രോഹിണി നാൾ)
ശിവശങ്കറിനു സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിലാണു സസ്‌പെന്‍ഷന്‍. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നു കുറ്റപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയതിനു പിറകേയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സുപ്രധാന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍.
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. യു.എ.ഇ ഇയാള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഉടനേ ഇയാളെ പിടികൂടി ഇന്ത്യക്കു കൈമാറും. കസ്റ്റംസിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.
കേരളത്തില്‍ ഇന്നലെ 722 പേര്‍ക്കുകൂടി കോവിഡ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതുവരെ 10,275 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 157 പേര്‍ വിദേശത്ത് നിന്നും 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 228 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരിച്ചു. തൃശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ മുഹമ്മദ് സലീഹ് എന്നിവരാണ് മരിച്ചത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍നിന്ന് എത്തിയതാണ്.
കേരളത്തില്‍ നിലവില്‍ 5372 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഹോട്ട്‌സ്‌പോട്ടുകള്‍ 271.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13.
ശിവശങ്കറിനെതിരേ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയതു രണ്ടു കുറ്റങ്ങള്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് ശിവശങ്കറാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ശുപാര്‍ശ അനുസരിച്ചാണ് നിയമനം. എന്നാല്‍ ഈ സ്ഥാപനത്തിന് സ്വപ്നയുടെ പേര് നിര്‍ദ്ദേശിച്ചത് ശിവശങ്കറാണ്. ഓള്‍ ഇന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുകയോ ആതിഥ്യം സ്വീകരിക്കുകയോ അരുതെന്ന ചട്ടം ലംഘിച്ചെന്നതാണു രണ്ടാമത്തെ കുറ്റം. സ്വര്‍ണക്കടത്തു കേസില്‍ സര്‍വീസിലുള്ളയാള്‍ പ്രതിയാകുന്നതു സര്‍ക്കാരിനു ഭൂഷണമല്ലെന്നാണു മൂന്നാമത്തെ പോയിന്റ്.
രാജ്യം വിട്ട യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്റെ തോക്ക് കേരള പോലീസ് തിരികെ വാങ്ങി. അറ്റാഷെ മടങ്ങി പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ എആര്‍ ക്യാംപില്‍ നല്‍കിയിരുന്നില്ല.
ചോദ്യം ചെയ്യാനായി എന്‍ഐഎയും കസ്റ്റംസും അപേക്ഷ നല്‍കിയതിന് പിറകേ യുഎഇയിലേക്കു മുങ്ങിയ അറ്റാഷെ നിയമത്തിനു മുന്നിലേക്കു വരേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍. സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിര്‍ത്തത് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷദ് അല്‍ ഷെമെയ്‌ലിയാണ്. അറ്റാഷെയെ കൂടാതെ യുഎഇ കോണ്‍സുല്‍ ജനറലിനെയും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന നിരവധി തവണ വിളിച്ചതായാണ് ഫോണ്‍രേഖകള്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് എരഞ്ഞിക്കലിലെ സഞ്ജുവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്.
പിടിക്കപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഓഹരി ഇദ്ദേഹത്തിന്റേതാണെന്നാണ് സൂചന. മാത്രമല്ല, സഞ്ജു സ്വര്‍ണം കൊണ്ടുവന്ന് ജ്വല്ലറിക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നയാളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരി എംഎല്‍എ എം ഉമ്മറാണ് ചട്ടം 65 പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്തുകേസിലെ കുറ്റവാളികളുമായി സ്പീക്കര്‍ക്കുള്ള അടുപ്പം സംശയകരമാണെന്ന് നോട്ടീസില്‍ ആരോപിച്ചു.
കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കില്ലാത്തിടത്ത് ആരാധനാലയങ്ങളില്‍ മൃഗബലിക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ശക്തി പൂജ ചെയ്യുന്ന കോഴിക്കോട് സ്വദേശികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വര്‍ണം കള്ളക്കടത്തു കേസില്‍ ബന്ധമുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയാണു രാജിവയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഈ മാസം അവസാനംവരെ സമരങ്ങള്‍ ഇല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഹൈക്കോടതി വിധി മാനിച്ചും കോവിഡ് വ്യാപനം കണക്കിലെടുത്തുമാണ് തീരുമാനം. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ സമരങ്ങളും മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പോക്‌സോ ഉള്‍പെടുത്താത്ത ഭാഗിക കുറ്റപത്രം രണ്ട് ദിവസം മുന്‍പ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.
ഷാര്‍ജയിലേക്ക് ഒരു യാത്രക്കാരന്‍ മാത്രമായി പറന്ന് എയര്‍ അറേബ്യയുടെ തിരുവനന്തപുരം- ഷാര്‍ജ വിമാനം. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയും വ്യവസായിയുമായ കെ.എസ്. ശശികുമാറാണ് യാത്രക്കാരന്‍. അവധിക്കു വന്ന ശശികുമാര്‍ കുടുംബം കഴിയുന്ന ഷാര്‍ജയിലേക്കു മടങ്ങിയത് വിമാനത്തിലെ ഏകയാത്രക്കാരനായാണ്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 680 പേര്‍കൂടി മരിച്ചു. 35,468 പേര്‍കൂടി രോഗികളായി. ഇതുവരെ 25,609 പേര്‍ മരിക്കുകയും 10,05,637 പേര്‍ രോഗികളാകുകയും ചെയ്തു. 3.43 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 6.36 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് 266 പേര്‍ മരിക്കുകയും 8,641 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.14 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 69 പേര്‍ കൂടി മരിച്ച തമിഴ്‌നാട്ടില്‍ 4,549 പേര്‍കൂടി രോഗികളായി. 46,717 പേര്‍ ചികില്‍സയിലുണ്ട്. 104 പേര്‍കൂടി മരിച്ച കര്‍ണാടകത്തില്‍ 4,169 പേര്‍കൂടി രോഗികളായി. 30,651 പേരാണു ചികില്‍സയിലുള്ളത്.
ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുന്നു. ആസാമിലെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 40 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 68 പേര്‍ മരിച്ചു.
തന്നെ അയോഗ്യനാക്കാനുള്ള രാജസ്ഥാന്‍ നിയമസഭാ സ്പീക്കറുടെ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും. കോടതി ഹര്‍ജിയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേസ് മാറ്റുകയായിരുന്നു.
കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കം പൊളിച്ചത് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയാണെന്ന് എന്‍ഡിഎ ഘടകകക്ഷി. വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്ലോതിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതായി ലോക്സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന്‍ ബെനിവാള്‍.
തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കോവിഡ് സ്ഥിരീകരിച്ചു. 81 വയസ്സുള്ള വരവര റാവുവിനെ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 50 ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ തേടും. കോവിഡ് മഹാമാരി പ്രതിസന്ധി ദേശീയ സമ്പദ്ഘടനക്ക് കാര്യമായ പോറലേല്‍പ്പിച്ച പശ്ചാത്തലത്തില്‍ ധനകാര്യ-വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരില്‍നിന്നാണ് പ്രധാനമന്ത്രി വിവരങ്ങള്‍ തേടുക
കോവിഡിന് മുമ്പ് ഇന്ത്യ സര്‍വ്വീസ് നടത്തിയിരുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ 60 ശതമാനം പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ വിമാന സര്‍വ്വീസുകള്‍ തുടങ്ങാമെന്നാണ് കരുതുന്നത്.
പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ കൊലപ്പെടുത്തി പത്തൊമ്പതുകാരി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 53 കാരനെയാണ് യുവതി മര്‍ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം.
ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാധവ് പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഇന്ത്യന്‍ നയതന്ത്ര സംഘം കുല്‍ഭൂഷണ്‍ ജാധവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് പിറകേയാണു തീരുമാനം.
അപ്പീല്‍ നല്‍കുന്നില്ലെന്ന് കുല്‍ഭൂഷണ്‍ ജാധവ് അറിയിച്ചെന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്.
ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് ഇന്നലെ 5,625 പേര്‍കൂടി മരിച്ചു. 2,40,233 പേര്‍കൂടി രോഗികളായി. ഇതുവരെ 5,91,835 പേരാണു മരിച്ചത്. 1.39 കോടി പേര്‍ രോഗികളായി. ബ്രസീലില്‍ 1,299 പേരും അമേരിക്കയില്‍ 872 പേരും ഇന്നലെ മരിച്ചു.
ട്വിറ്ററിലെ സുരക്ഷയില്‍ ആശങ്കയുമായി വിദഗ്ദ്ധര്‍. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ടെസ് ല മേധാവി ഇലണ്‍ മസ്‌ക് എന്നിവരടക്കം അമേരിക്കയിലെ നിരവധി പ്രമുഖരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ഗംഭീര സേവുമായി ആഴ്‌സണല്‍ ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസ്. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിലായിരുന്നു അര്‍ജന്റീനക്കാരനായ ഗോള്‍കീപ്പറുടെ ഈ സേവ്.
ലീഗ് അവസാനിക്കുന്നതിന് മുമ്പുതന്നെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ആഴ്‌സണല്‍ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി.
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. 82 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 86 റണ്‍സോടെ ഡോം സിബ്ലെയും 59 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സുമാണ് ക്രീസില്‍. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ച വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഒരു വിജയവുമായി മുന്നിലാണ്.
ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ യുവന്റ്‌സിനു മൂന്നു ഗോളുകളുടെ സമനില. സസോളയാണ് യുവന്റ്‌സിനെ പിടിച്ചുകെട്ടിയത്.
വ്യാഴാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങി ഒരുമണിക്കൂറിനകം ഇന്‍ഫോസിസിലെ നിക്ഷേപകരുടെ കീശയിലായത് 50,000 കോടി രൂപയിലേറെ. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഇന്‍ഫോസിസിന്റെ ഓഹരി വിലകുതിക്കാനിടയാക്കിയത്. ഓഹരി വില 15ശതമാനത്തോളം ഉയര്‍ന്ന് 952 രൂപ നിലവാരത്തിലെത്തി. ബുധനാഴ്ച പുറത്തുവിട്ട പാദഫലത്തില്‍ അറ്റാദായത്തില്‍ 11.4ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്.
ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കമ്പനിയുടെ അടുത്തഘട്ടം വളര്‍ച്ചയെ മുന്നില്‍ കണ്ടാണ് പുതിയ നിയമനം. ഐഐടി ഖരക്പൂര്‍, ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രഭ്, 2015 ഓഗസ്റ്റിലാണ് മക്കിന്‍സെ ആന്‍ഡ് കമ്പനിയിലെത്തിയത്.
മലര്‍വാടി ആര്‍ട്സ് ക്ലബി’ലൂടെ സിനിമയിലെത്തി പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ പുതിയ ചിതം പ്രഖ്യാപിച്ച് നിവിന്‍ പോളി. ‘ബിസ്മി സ്പെഷല്‍’ എന്ന് പേരിട്ട ചിത്രം നവാഗതനായ രാജേഷ് രവിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നാടകപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സ്റ്റിഗ്മ. സ്റ്റിഗ്മയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ആറ് കഥാപാത്രങ്ങളായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പെണ്‍കുട്ടിയുടെ കൊവിഡ് ഭേദമായിട്ടും നേരത്തെ ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്‍മാറുന്ന യുവാവിന്റെ അച്ഛനായും ഗള്‍ഫില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുന്ന യുവാവായും. കൊവിഡ് 19 ബാധിച്ച് മരിച്ച ആളെ സംസ്‌കരിക്കാന്‍ തയ്യാറാകാത്ത ഒരു ഐടി ഉദ്യോഗസ്ഥനായും ലോക്ക് ഡൗണ്‍ കാലത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആളായിട്ടും ഒരു സ്ത്രീ നഴ്‌സായിട്ടുമാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം ഉടന്‍ സാമൂഹ്യമാധ്യമത്തില്‍ റിലീസ് ചെയ്യും.
ഹീറോയുടെ ഡ്യുവല്‍ പര്‍പ്പസ് ബൈക്കായ എക്സ്-പള്‍സിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. പുതിയ എന്‍ജിനില്‍ കൂടുതല്‍ കരുത്തനായെത്തിയ ഈ വാഹനത്തിന് 1.11 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ 6000 രൂപയാണ് വില ഉയര്‍ന്നത്.