പ്രഭാത വാർത്തകൾ
2020 ജൂലൈ 20 | 1195 കർക്കടകം 5 | തിങ്കളാഴ്ച | (പുണർതം നാൾ)
അറസ്റ്റിലായ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ദുബായി പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.
യുഎഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ച് സക്കാത്തു കിറ്റുകള്‍ തരപ്പെടുത്തിയ മന്ത്രി കെടി ജലീലിനെതിരെ ബെന്നി ബഹന്നാന്‍ എംപി പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ പറയുന്നു.
കേരളത്തില്‍ ഇന്നലെ 821 പേര്‍ക്കു കോവിഡ് 19. സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 69 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. ഇന്നലെ മൂന്നു കോവിഡ് മരണംകൂടി. കോവിഡ് സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് സംസ്ഥാനത്തു 43 പേര്‍ മരിച്ചു.
സംസ്ഥാനത്തു കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 7,063 പേര്‍. 172 പേര്‍ രോഗമുക്തരായി. 5373 പേര്‍ ഇതുവരെ രോഗമുക്തരായി. 1,70,525 പേരാണ് നിരീക്ഷണത്തിലുള്ളത്. 7,309 പേര്‍ ആശുപത്രികളിലാണ്.
രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള വിവരം: തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57 , ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് ഒന്ന്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍: തിരുവനന്തപുരം 203, എറണാകുളം 84, പാലക്കാട് 70, കൊല്ലം 61, കാസര്‍ഗോഡ് 48, ആലപ്പുഴ 34, ഇടുക്കി 28, തൃശൂര്‍ 27, കോഴിക്കോട് 26, പത്തനംതിട്ട 24, കോട്ടയം 12, മലപ്പുറം 10, കണ്ണൂര്‍ 2. ഇന്നലെ
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് 26 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 318 ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂര്‍ (4), ചെറുതാഴം (14), നടുവില്‍ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാര്‍ഡുകളും), കുമ്മിള്‍ (എല്ലാ വാര്‍ഡുകളും), കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂര്‍ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (3), മറവന്‍തുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
തിരുവനന്തപുരം നഗരത്തില്‍ ലോക് ഡൗണ്‍ ഈ മാസം 28 വരെ നീട്ടി.
ഇന്നു കര്‍ക്കിടക വാവ്. പിതൃക്കള്‍ക്കു ബലിയിടാന്‍ പുറത്തുപോകരുതെന്നും വീടുകളില്‍തന്നെ ചടങ്ങുകള്‍ നടത്തണമെന്നും സര്‍ക്കാര്‍.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യംചെയ്തു. ഐബിയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജയഘോഷിന്റെ ആത്മഹത്യാശ്രമം നാടകമാണെന്ന അനുമാനത്തിലാണ് കസ്റ്റംസ്.
കള്ളക്കടത്തുകേസിലെ പ്രതി സന്ദീപിന്റെ നെടുമങ്ങാട്ട് സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിയമസഭാ സമ്മേളനത്തിനിടെയാണു സ്പീക്കര്‍ പങ്കെടുത്തതെന്ന ആരോപണം ശരിയല്ലെന്നു സ്പീക്കറുടെ ഓഫീസ്. ഡിസംബര്‍ 31 ലെ പ്രത്യേക നിയമസഭ സമ്മേളനം കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്നാണു വിശദീകരണം.
യുവാവിനെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാസംഘത്തെ കൊച്ചിയില്‍ പോലീസ് പിടികൂടി. കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടില്‍ ലാലു (25) കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടില്‍ ശ്യാം (33) വേങ്ങൂര്‍ തുരുത്തി കാവിംകുടി വീട്ടില്‍ വിഷ്ണു (24) വേങ്ങൂര്‍ മുടക്കുഴ മറ്റേപ്പാടന്‍ വീട്ടില്‍ ലിയോ (26) എന്നിവരെയാണ് പിടികൂടിയത്.
കണ്ണൂര്‍ ആലക്കോട് തിമിരയില്‍ മകനു പിറകേ അമ്മയും ആത്മഹത്യ ചെയ്ത നിലയില്‍. ആനകുത്തിയില്‍ സന്ദീപ് (35), അമ്മ ശ്യാമള (55) എന്നിവരാണു മരിച്ചത്.
ഇന്നലെ കോവിഡ് മരണത്തിലും രോഗവ്യാപനത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്ത്. 675 പേരാണ് ഇന്നലെ മരിച്ചത്. 40,243 പേര്‍കൂടി രോഗികളായി. ഇതുവരെ 27,503 പേര്‍ മരിക്കുകയും 11,18,107 പേര്‍ രോഗികളാകുകയും ചെയ്തു. 3.89 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. ഏഴു ലക്ഷം പേര്‍ രോഗമുക്തരായി. ഇന്നലെ മഹാരാഷ്ട്രയിലെ രോഗവ്യാപനം 9518, തമിഴ്‌നാട്ടിൽ 4979, കർണാടകയിൽ 4120,ആന്ധ്രയിൽ 5041.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്‍തുടരുന്നവരുടെ എണ്ണം ആറ് കോടി കടന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അഞ്ച് കോടിയായിരുന്നു മോദിയുടെ ഫോളോവേഴ്സ്. 10 മാസംകൊണ്ട് ഒരു കോടി വര്‍ധിച്ചാണ് ആറ് കോടിയിലേയ്ക്കെത്തിയത്.
രാജസ്ഥാനിലെ കുതിരക്കച്ചവട നീക്കങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്കു പങ്കുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഗുഡ. പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത സഞ്ജയ് ജെയിന്‍ എന്നയാള്‍ എട്ടുമാസം മുമ്പ് തന്നെ ബന്ധപ്പെട്ടിരുന്നെന്നും ‘വസുന്ധര ജി’ അടക്കമുള്ളവരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഗുഡ.
ആസാമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി. 26 പേര്‍ മണ്ണിടിച്ചിലിലാണു മരിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 26 എണ്ണവും പ്രളയബാധിതമായി പ്രഖ്യപിച്ചിട്ടുണ്ട്.
മാസ വരുമാനം 14,000 രൂപയെന്ന് അവകാശപ്പെട്ടിരുന്ന എണ്‍പതുകാരിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടില്‍ 196 കോടി രൂപയുടെ നിക്ഷേപം. എങ്ങനെ ഇത്രയും പണം എത്തിയെന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ വിദേശത്തുള്ള ബെംഗളൂരു സ്വദേശിനിയായ രേണു തരണിയോട് പിഴത്തുകയും നികുതിയും അടയ്ക്കാന്‍ ആദായനികുതി വകുപ്പ് ഉത്തരവിട്ടു.
പശ്ചിമ ബംഗാളിലെ കാലാഗഞ്ചില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ആക്രമാസക്തമായത്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ബസുകള്‍ക്കും പൊലീസ് വാഹനത്തിനും തീയിട്ടു.
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് വെടിവയ്പ്. ഒരു ഇന്ത്യക്കാരന് പരിക്ക്. ബിഹാറില്‍ കിഷന്‍ഗഞ്ചില്‍ മൂന്ന് ഇന്ത്യാക്കാര്‍ക്കു നേരേയാണ് നേപ്പാള്‍ പോലീസ് വെടിയുതിര്‍ത്തത്.
ലോകത്ത് കോവിഡ് 19 ബാധിച്ച് ഇന്നലെ 4,296 പേര്‍ മരിച്ചു. 2,18,361 പേര്‍കൂടി രോഗികളായി. ഇതുവരെ 6,08,539 പേര്‍ മരിക്കുകയും 1.46 കോടി പേര്‍ രോഗികളാകുകയും ചെയ്തു. ബ്രസീലില്‍ 716 പേരും ഇന്ത്യയില്‍ 675 പേരും മെക്‌സിക്കോയില്‍ 578 പേരും അമേരിക്കയില്‍ 392 പേരും മരിച്ചു.
വെള്ളപ്പൊക്ക ദുരിതത്തിന് അറുതി വരുത്താന്‍ ചൈന അണക്കെട്ട് തകര്‍ത്തു. മധ്യ ചൈനയിലെ ഹുബേയ് പ്രവിശ്യയിലെ യാംഗ്സ്റ്റേ നദിയിലെ ത്രീ ഗോര്‍ജെസ് ഡാമാണ് വെള്ളക്കെട്ട് കുറയ്ക്കാനായി തകര്‍ത്തത്.
ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക്ക് ആസ്ഥാനം ചൈനയില്‍നിന്നു ലണ്ടനിലേക്കു മാറ്റാനൊരുങ്ങുന്നു. ഇതിനായി ടിക് ടോക്ക് ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ചയിലാണ്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സിൽ 287 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 2 വിക്കറ്റിന് 37 റണ്‍സെന്ന നിലയിലാണ് .മഴ മൂലം ഒരൊറ്റ പന്ത് പോലും എറിയാതെ മൂന്നാം ദിനത്തിലെ മത്സരം ഉപേക്ഷിച്ചിരുന്നു.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈയില്‍ ഇന്ത്യന്‍ വിപണികളില്‍ അറ്റവില്‍പ്പനക്കാരായി തുടര്‍ന്നു. ഇക്വിറ്റികളില്‍ നിന്നും ഡെറ്റ് സെക്യൂരിറ്റികളില്‍ നിന്നും 9,015 കോടി രൂപയാണ് എഫ്പിഐകള്‍ പിന്‍വലിച്ചത്. ജൂലൈ ഒന്ന് മുതല്‍ 17 വരെയുളള കാലയളവില്‍ എഫ്പിഐകള്‍ ഓഹരിയില്‍ നിന്ന് 6,058 കോടി രൂപയും ഡെറ്റ് വിഭാഗത്തില്‍ നിന്ന് 2,957 കോടി രൂപയും പിന്‍വലിച്ചു. അവലോകന കാലയളവില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും മൊത്തം പുറത്തേക്ക് പോയത് 9,015 കോടി രൂപയാണ്.
2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങിയ ബാങ്കറായി എച്ച്ഡിഎഫ്സി മാനേജിംഗ് ഡയറക്ടര്‍ ആദിത്യ പുരി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 18.92 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. 38 ശതമാനമാണ് ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ധിച്ചത്. ഈ വര്‍ഷം സ്റ്റോക്ക് ഓപ്ഷനുകള്‍ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം 161.56 കോടി രൂപ അധികമായി സമ്പാദിച്ചുവെന്ന് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നവാഗതനായ റോണി മാനുവല്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന നിവിന്‍ ചിത്രമാണ് ‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന സിനിമയാണ് ഇത്. റോണി മാനുവല്‍ ജോസഫിനൊപ്പം അനീഷ് രാജശേഖരന്‍ കൂടി ചേര്‍ന്നാണ്.
രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരയിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഖുല്‍കെ ജീനേ കാ’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം എ ആര്‍ റഹ്മാന്‍. അരിജിത് സിംഗും ഷാഷ തിരുപ്പതിയും ചേര്‍ന്ന് പാടിയിരിക്കുന്നു. മുകേഷ് ഛബ്ര സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുശാന്തിന്റെ നായികയായിരിക്കുന്നത് സഞ്ജന സംഗിയാണ്.
പുത്തന്‍ മോജോയുടെ വരവറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനോടെയാണ് പുത്തന്‍ മോജോ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാര്‍നറ്റ് ബ്ലാക്ക്, റൂബി റെഡ് എന്നീ ഈ രണ്ട് നിറങ്ങള്‍ കൂടാതെ കൂടുതല്‍ നിറങ്ങളില്‍ 2020 മഹീന്ദ്ര മോജോ ബിഎസ്6 ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും’. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. ഡിസി ബുക്‌സ്. വില 110 രൂപ.
മഴ മൂര്‍ച്ഛിക്കുന്നതോടെ കോവിഡ് വ്യാപനവും കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് പഠനം. മഴക്കാലത്തും ശീതകാലത്തും താപനിലയില്‍ ഉണ്ടാകുന്ന മാറ്റം കോവിഡ് വ്യാപനത്തിന്റെ തോത് ഉയരാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഐഐടി ഭുവനേശ്വറിലെയും എയിംസിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. മഴയും താപനില കുറയുന്നതും ശീതകാലത്തേക്ക് കടക്കുമ്പോള്‍ അന്തരീക്ഷം തണുക്കുന്നതുമെല്ലാം രാജ്യത്ത് കോവിഡ് വ്യാപനത്തിന് അനുയോജ്യമായ ഘടകങ്ങളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ കോവിഡ് വ്യാപന രീതി പരിശോധിച്ചാണ് പഠനം നടത്തിയത്. ചൂട് കൂടുന്നത് വൈറസ് വ്യാപനത്തെ ചെറുക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ചൂട് ഒരു ഡിഗ്രി ഉയരുന്നത് വൈറസ് ബാധയില്‍ 0.99 ശതമാനം കുറവ് ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാമാരിയെ നേരിടാന്‍ വേണ്ടിയുള്ള കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ അധികാരികളെ സഹായിക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.