Sunday, October 6, 2024
HomeNewsവാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ

പ്രഭാത വാർത്തകൾ
2020 ജൂൺ 17
1195 മിഥുനം 03 📡
ബുധനാഴ്ച (ഭരണി നാൾ)

🔳ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സംഘര്‍ഷം. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കേണല്‍ ബി. സന്തോഷ്‌കുമാര്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്കു വീരമൃത്യു. ചൈനയുടെ 43 സൈനികരെ വകവരുത്തിയെന്നാണു വിവരം. 45 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചോരപ്പുഴയൊഴുകുന്നത്.

🔳മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍നിന്നു പിന്മാറിയെന്ന് ഇന്ത്യന്‍ കരസേന. സംഘര്‍ഷത്തില്‍ ഒരു കേണലടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് ഇന്നലെ രാവിലെ കരസേന വെളിപ്പെടുത്തിയത്. പിന്നീട് രാത്രിയോടെയാണ് 17 പേര്‍ കൂടി മരിച്ചെന്ന വിവരം പുറത്തു വിട്ടത്. മഞ്ഞു പുതഞ്ഞുകിടക്കുന്ന പ്രദേശമാണിത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നു സൈന്യം.

🔳സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്കുകൂടി കോവിഡ്-19. ഇവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ രണ്ടു പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

🔳ഇന്നലെ 60 പേര്‍ രോഗമുക്തരായി. ഇതോടെ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 1,234 പേര്‍ കോവിഡില്‍നിന്നും മുക്തി നേടി. 1,22,143 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1,986 പേര്‍ ആശുപത്രികളിലുമാണ്.

🔳ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.  എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഏഴു പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ആറു പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നാലു പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

🔳കേരളത്തില്‍ പുതുതായി ഒരു ഹോട്ട് സ്‌പോട്ടുകൂടി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്ട് സ്‌പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. ആകെ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

🔳വിമാനമാര്‍ഗം കേരളത്തിലേക്കു വരുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നു മന്ത്രി ഇപി ജയരാജന്‍. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവന്നു രോഗവ്യാപനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

🔳പിഎം കെയേര്‍സ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളുടെ താമസം, ചികിത്സ, ഭക്ഷണം, യാത്ര എന്നിവ ഒരുക്കുന്നതിനു മാത്രമേ ഈ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാന്‍ അനുവാദമുള്ളു. മുമ്പ് ഇതിനു ചെലവഴിച്ച തുക ക്ലെയിം ചെയ്യാന്‍ കഴിയില്ലെന്നുമുള്ള നിബന്ധനകള്‍ തിരുത്തണമെന്നാണ് ആവശ്യം.

🔳അമ്മയുടെ മൃതദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഹോമിയോ ഡോക്ടറായ മകള്‍ മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച് പ്രാര്‍ഥിച്ചു. പാലക്കാട് ഷൊര്‍ണൂരിനടുത്ത ചളവറയില്‍  ഓമനയുടെ (72) മൃതദേഹത്തിനരികിലാണ് മകള്‍ ഡോ. കവിത  പ്രാര്‍ഥനയുമായി കഴിഞ്ഞത്. ജലസേചനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ഓമന ചളവറ എയുപി സ്‌കൂള്‍ റിട്ടയേഡ് അധ്യാപികയായിരുന്നു.

🔳മലപ്പുറം തിരൂരങ്ങാടിയില്‍ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയാണ്  മരിച്ചത്. മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി  അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നെന്ന് വീട്ടുകാര്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാകാത്ത വിഷമം മൂലമെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, വീട്ടില്‍ വഴക്കുണ്ടായതു മൂലമെന്ന് പോലീസ്.

🔳കൂടത്തായി കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിലേക്ക്. പോലീസിലെ ഉന്നതര്‍ ഗൂഡാലോചനയും അട്ടിമറിയും നടത്തിയെന്നാണ് ആരോപണം. സിബിഐയേയും കോടതിയേയും സമീപിക്കാന്‍ നടപടികള്‍ തുടങ്ങിയ ബന്ധുക്കളെ പോലീസ് ഉന്നതന്റെ ദൂതന്മാര്‍ സമീപിച്ച് ഭീഷണിപ്പെടുത്തുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ട്.

🔳തിരുവനന്തപുരം വെമ്പായത്ത് അമ്പതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജിവച്ച്  ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

🔳ഇന്നലെ കോവിഡ് 19 രോഗബാധയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ. 2,004 പേരാണു മരിച്ചത്. 11,090 പേര്‍കൂടി രോഗികളായി. ഇതുവരെ മരിച്ചവരുടെ എണ്ണം 11,921 ആയി. 3,54,161 പേര്‍ രോഗബധിതരായി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,409 പേര്‍ മരിച്ചു. 2,701 പേര്‍കൂടി രോഗികളായി. അമ്പതിനായിരം പേരാണു ചികില്‍സയിലുള്ളത്. 437 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 1,859 പേര്‍ക്കുകൂടി രോഗം. 26,351 പേരാണു ചികില്‍സയിലുള്ളത്. 49 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 1,515 പേര്‍കൂടി രോഗികളായി. 20,709 പേര്‍ ചികില്‍സയിലുണ്ട്.

🔳സമയോചിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ കോവിഡ്-19 വ്യാപനത്തെ  പ്രതിരോധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരുമായും നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഏതാനും ആഴ്ചകളായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിദേശത്തുനിന്നു തിരിച്ചെത്തിയത്. നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികളും വീടുകളിലെത്തി. കോവിഡ് മരണങ്ങള്‍ താരതമ്യേനെ കുറവുള്ള രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

🔳കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.

🔳അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം. നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും ഇന്ത്യ.  

🔳ഇന്ത്യ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുതെന്നും പ്രശ്നം വഷളാക്കരുതെന്നും ചൈനയുടെ മുന്നറിയിപ്പ്. ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണു ഇങ്ങനെ പ്രതികരിച്ചെന്നു വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ്.

🔳പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത പാക് അധികൃതര്‍ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ആക്ടിംഗ് സ്ഥാനപതി ഹൈദര്‍ ഷായെ വീണ്ടും ഇന്ത്യ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു.

🔳ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 6,578 പേര്‍കൂടി മരിച്ചു. 1,41,378 പേര്‍കൂടി രോഗികളായി. ബ്രസീലിൽ ഇന്നലെ 37,278 പേരും അമേരിക്കയിൽ 25294 പേരും രോഗബാധിതരായി. ആകെ മരിച്ചവരുടെ എണ്ണം 4,45,174 ആയി. 82.50 ലക്ഷം പേരാണു ആകെ രോഗബാധിതരായത്. ഇന്നലെ ബ്രസീലില്‍ 1,338 പേരും അമേരിക്കയില്‍ 844 പേരും മരിച്ചു. ഇന്നലത്തെ മരണസംഖ്യയില്‍ ഇന്ത്യയാണ് ഒന്നാമത്‌. രോഗവ്യാപനത്തില്‍ ഇന്നലെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

🔳ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനിടെ കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസാണ് തകര്‍ത്തത്.

🔳കൊറോണ വൈറസിനെതിരായ പോരാട്ടത്തിനു വിലകുറഞ്ഞ മരുന്നുമായി ബ്രിട്ടീഷ് ഗവേഷകര്‍. വ്യാപകമായി ലഭ്യമായ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ (dexamethasone) കോവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

🔳ചൈനീസ് സ്ഥാപനമായ വാവേയ്‌ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരും. 5 ജി സാങ്കേതിക വിദ്യ വിന്യസിക്കുന്നതിനായി അമേരിക്കന്‍ കമ്പനികള്‍ക്ക് വാവേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്നാണു റിപ്പോര്‍ട്ട്.

🔳ഇന്ത്യയിലെ ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ പ്രതിമാസ ഡാറ്റാ ഉപയോഗം 11 ജിബി വരെ എത്തിയതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 90 ശതമാനം ആളുകളും കണ്ടന്റ് സ്ട്രീമിങ്, ഇ-ലേണിങ്, ഇന്‍ഫോടെയ്ന്‍മെന്റ്, സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുന്നതായും ഇവൈ ഡിജിറ്റല്‍ കണ്‍സ്യൂമര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണിന് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 61 ശതമാനം ആളുകള്‍ ഇക്കാലത്ത് കണ്ടന്റ് സ്ട്രീം ചെയ്യുന്നുണ്ട്. വീഡിയോ സ്ട്രീമിങ് 1.2 ഇരട്ടി വര്‍ധിച്ചു. ആഴ്ചയില്‍ ശരാശരി വീഡിയോ സ്ട്രീമിങ് സമയം ഒരാള്‍ക്ക് 4.2 മണിക്കൂര്‍ ആയി ഉയര്‍ന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ടിക്ക്‌ടോക്കിനു ബദലായി ഇറങ്ങിയ സിന്‍ ആപ്പിനെ ആപ്പിളും ഉപേക്ഷിച്ചു. ഈ ആപ്പിനെ നേരത്തെ ഗൂഗിളും പ്ലേസ്റ്റോറില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. കോപ്പിയടി ആരോപണത്തെ തുടര്‍ന്നാണ് ആപ്പിളും സിന്നിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് ആദ്യ വാരത്തില്‍ യുഎസില്‍ അരങ്ങേറ്റം കുറിച്ച സിന്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മികച്ച പത്ത് അപ്ലിക്കേഷനുകളിലൊന്നായി മാറി.

🔳ബാബു ആന്റണിയെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാര്‍’ ചിത്രത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിനും വേഷമിടും. ബാബു ആന്റണിക്കൊപ്പം ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തനിക്കും ഇവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.  ഉടന്‍ തന്നെ മറുപടിയുമായി ഒമര്‍ലുലുവും എത്തി. ”ഈ സിനിമയില്‍ നല്ലൊരു വേഷം നിങ്ങള്‍ക്ക് ഉണ്ടാവും” എന്നായിരുന്നു ഒമറിന്റെ മറുപടി.

🔳നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ അടുത്ത രണ്ടാഴ്ചത്തെ റിലീസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കപ്പേളയാണ് ഒരേയൊരു മലയാളചിത്രം. കൊറിന്‍ ഹാര്‍ഡിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ ഹോളിവുഡ് ഹൊറര്‍ ചിത്രം ദി നണ്‍, സൂരജ് ആര്‍ ഭര്‍ജാത്യയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും സോനം കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2015 ചിത്രം പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളും സിരീസുകളുടെ പുതിയ സീസണുകളും വരുന്ന രണ്ടാഴ്ച നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നുണ്ട്.

🔳ഗ്രീവ്സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. മാഗ്‌നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപിയറിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് 73,990 രൂപയാണ് എക്‌സ്-ഷോറൂം വില. ബ്ലൂയിഷ് പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളില്‍ ലഭ്യമാകും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments