വാർത്തകൾ ചുരുക്കത്തിൽ

0
20

പ്രഭാത വാർത്തകൾ
2020 ജൂൺ 24
1195 മിഥുനം 10 📡
ബുധനാഴ്ച (പൂയം നാൾ)

🔳വിദേശത്തുനിന്നു വരുന്നവരെ കോവിഡ് പരിശോധക്ക്‌ വിധേയമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയെങ്കിലും ആവശ്യത്തില്‍ ഉറച്ച് കേരളം. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കും. എന്നാല്‍ നാളെ മുതല്‍ വിദേശത്തുനിന്ന് വരുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. യാത്രക്കിടയില്‍ രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണിത്. മുഖ്യമന്ത്രി പറഞ്ഞു.

🔳വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കു ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകള്‍ ജൂലൈ ആദ്യവാരം വിതരണം ചെയ്യും. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി.

🔳സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19. കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍നിന്ന് എത്തിയ കൊല്ലം മായനാട് സ്വദേശി വസന്ത് കുമാര്‍ മരിച്ചതോടെ കേരളത്തിലെ മരണം 22 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നരാണ്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳കേരളത്തില്‍ കോവിഡ് ചികിത്സയിലുള്ളത് 1620 പേര്‍. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേര്‍ ആശുപത്രികളിലാണ്. ഇതുവരെ 3,451 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്.  

🔳രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കൂ. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പച്ചക്കറിക്കടകള്‍ തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാം.

🔳ഐക്യരാഷ്ട്ര സഭയില്‍ കേരളത്തിന് അംഗീകാരം. പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ചാണ് കോവിഡ്-19 പ്രതിരോധത്തിന് മികച്ച സേവനം നടത്തിയ മന്ത്രി കെ.കെ. ശൈജലജ അടക്കമുള്ളവരെ ആദരിച്ചത്. വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെക്കുറിച്ചു മന്ത്രി ശൈലജ വിശദീകരിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യയുടെ പ്രസിഡന്റ് സഹ്ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തുടങ്ങിയവര്‍ക്കൊപ്പമാണ് ശൈലജ പങ്കെടുത്തത്.

🔳കോവിഡ് പ്രതിരോധത്തിന് പോലീസും വോളണ്ടിയര്‍മാരും നല്‍കുന്ന സംഭാവനകള്‍ മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മുഖ്യമന്ത്രി.

🔳ദുബായില്‍ കവര്‍ച്ചക്കിടെ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊന്ന ഏഷ്യന്‍ വംശജനെ 24 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് പിടികൂടി. ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (40), വിധി ആദിയ എന്നിവരാണ് മരിച്ചത്. വീട്ടിലെ ചില അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്ന പ്രതി ദമ്പതികളെ നേരത്തെ പരിചയപ്പെട്ടിരുന്നു.

🔳എറണാകുളം പാലാരിവട്ടത്ത് കഴിഞ്ഞവര്‍ഷം റോഡിലെ കുഴിയില്‍ വീണ് ബൈക്കു യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മരാമത്തു വകുപ്പ് റോഡ്‌സ് വിഭാഗം എന്‍ജിനിയര്‍ക്കെതിരേ കേസ്. 2019 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുന്ന ആദ്യസംഭവമാണിത്. തൃശൂരിലെ നേര്‍കാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

🔳കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭരണസമിതിയായ ജനറല്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചു. ഇക്കഴിഞ്ഞ 17 നു കാലാവധി പൂര്‍ത്തിയായതിനാലാണു പിരിച്ചുവിട്ടത്. കോളജുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുക്കാനാവില്ലെന്ന പേരില്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചതില്‍ പ്രതിഷേധവുമായി സര്‍വകലാശാലയിലെ അധ്യാപകരടക്കമുള്ള ജീവനക്കാരുടെ സംഘടനകള്‍.  

🔳കോഴിക്കോട് പന്തീരങ്കാവ് നടക്കാവിനു സമീപം ഓട്ടോറിക്ഷയില്‍ കാറിടിച്ചു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാറും ഡ്രൈവറും പിടിയിലായി. കാര്‍ ഓടിച്ചിരുന്ന പന്തീരാങ്കാവ് ഇടക്കുറ്റിപറമ്പിലെ റംഷാദിനെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവര്‍ പന്തീരങ്കാവ് മുണ്ടോട്ട് പൊയിലില്‍ സോമന്റെ മകന്‍ വൈശാഖ്(27) മരിച്ചിരുന്നു.

🔳മാപ്പുസാക്ഷിയാകാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചെന്ന് പന്തീരാങ്കാവ് യുഎപിഎ കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബ്. മൂന്ന് മണിക്കൂര്‍ പരോളില്‍ കോഴിക്കോട്ട് എത്തിയതായിരുന്നു അലന്‍. അമ്മൂമ്മയെ കാണാനാണ് മൂന്ന് മണിക്കൂര്‍ പരോള്‍ ലഭിച്ചത്.

🔳കോഴിക്കോട് നഗരത്തില്‍ 52 കിലോ കഞ്ചാവ് പിടികൂടി. ബീച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പരിശോധിച്ചപ്പോഴാണ് 25 പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവു പിടിച്ചത്. കൊടുവള്ളി സ്വദേശി നിഷാദുദ്ദീന്‍, താനൂര്‍ സ്വദേശി സുബീര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

🔳തൃശൂര്‍ മുല്ലശേരി സ്വദേശിനി ശ്രുതി ഭര്‍തൃഗ്രഹത്തില്‍ മരിച്ച കേസ് അന്വേഷിച്ച അന്തിക്കാട് പോലീസ് സ്‌റ്റേഷനിലെ സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

🔳അർദ്ധനഗ്നശരീരം പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരക്കാനായി വിട്ടുനൽകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തതിന്‌ രഹ്‌ന ഫാത്തിമക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.

🔳സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. ലോക് ഡൗണ്‍മൂലം മാറ്റിവച്ച പരീക്ഷകള്‍ ഇനി നടത്തേണ്ടെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ സിബിഎസ്ഇ ഇന്നു നിലപാട് അറിയിക്കും.

🔳ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 468 പേര്‍കൂടി മരിച്ചു. 15,600 പേര്‍കൂടി രോഗബാധിതരായി. ഇതുവരെ 14,483 പേര്‍ മരിക്കുകയും 4,56,062 പേര്‍ കോവിഡ് രോഗികളാകുകയും ചെയ്തു. 1.83 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 2.58 ലക്ഷം പേര്‍ രോഗമുക്തരായി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 248 പേര്‍കൂടി മരിക്കുകയും 3,214 പേര്‍കൂടി രോഗബാധിതരാകുകയുംചെയ്തു. 62,833 പേരാണു ചികില്‍സയിലുള്ളത്. 68 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 3,947 പേര്‍കൂടി രോഗികളായി. 24,988 പേര്‍ ചികില്‍സയിലുണ്ട്. 39 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 2,516 പേര്‍ക്കുകൂടി രോഗബാധ. 28,431 പേര്‍ ചികില്‍സയിലുണ്ട്.

🔳പാക്കിസ്ഥാന്‍ എംബസിയിലെ ജീവനക്കാരുടെ എണ്ണം പകുതിയാക്കണമെന്ന് ഇന്ത്യ. എംബസിയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും കേന്ദ്രീകരിച്ച് ഭീകരവാദികള്‍ക്കു സഹായം നല്‍കുന്നുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഇന്ത്യയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിന്‍വലിക്കും.

🔳കോവിഡ് രോഗം ഭേദമാക്കാന്‍ മരുന്നു കണ്ടുപിടിച്ചെന്നു പരസ്യം നല്‍കിയ വ്യവസായിയും യോഗാചാര്യനുമായ രാംദേവിന്റെ പതഞ്ജലിയോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാകുമെന്ന്  അവകാശപ്പെട്ടാണ് ‘ദിവ്യകൊറോണ’ എന്ന പാക്കേജ് പതഞ്ജലി പുറത്തിറക്കിയത്. കൊറോണില്‍, ശ്വാസരി എന്നീ രണ്ടു മരുന്നുകളാണ് പതഞ്ജലി പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട പരസ്യം നിരോധിച്ചിട്ടുണ്ട്.

🔳ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുവാദമില്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള 2.3 ലക്ഷം തീര്‍ഥാടകരുടെ പണം തിരിച്ചു നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.

🔳ഭോപ്പാല്‍ എംപി പ്രജ്ഞസിംഗ് ഠാക്കൂര്‍ തലചുറ്റി വീണു. ജയ്പൂരില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവേയാണ് സംഭവം. ഉടനേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔳ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

🔳മുംബൈ നഗരത്തിലെ 70 കോവിഡ് രോഗികളെ കാണാനില്ലെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഇവരെ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടി.

🔳ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളടക്കം രാജ്യത്തെ പ്രതിസന്ധികള്‍ക്കു കാരണം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം.

🔳ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന പ്രചാരണം വ്യാജ വാര്‍ത്തയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം.

🔳ഇന്ത്യ -ചൈന സംഘര്‍ഷം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മധ്യസ്ഥരുടെ സഹായം ആവശ്യമില്ലെന്നും റഷ്യ. ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് റഷ്യ നിലപാടു വ്യക്തമാക്കിയത്. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

🔳നേപ്പാളിലെ ഒരു ഗ്രാമം അടക്കം വിവിധ പ്രദേശങ്ങള്‍ ചൈനീസ് പട്ടാളം പിടിച്ചടക്കി. അതിര്‍ത്തി തൂണുകള്‍ നീക്കം ചെയ്തു. ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമത്തിലാണ് ചൈന ഏറ്റവുമൊടുവില്‍ കടന്നുകയറിയത്. നിലവില്‍ ചൈനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഗ്രാമം.

🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് ഇന്നലെ 5,424 പേര്‍കൂടി മരിച്ചു. 1,59,286 പേര്‍കൂടി രോഗബാധിതരായി. 4,78,915 പേരാണ് ഇതുവരെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 93.41 ലക്ഷം. ഇന്നലെ ബ്രസീലില്‍ 1,364 പേരും അമേരിക്കയില്‍ 874 പേരും മരിച്ചു. 759 പേരുമായി മെക്‌സിക്കോ മൂന്നാമത്‌.

🔳ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെ പരിശോധനാഫലവും പോസിറ്റീവായത്. ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാഫലവും പോസിറ്റീവാണ്.

🔳ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഏഴു താരങ്ങളുടെ പരിശോധാഫലം കൂടി പോസിറ്റീവായത്. നേരത്തെ മൂന്നു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

🔳മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ ഇനി ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍. ഒരു വര്‍ഷത്തേക്കാണു കരാര്‍.

🔳ലാലിഗായിൽ അത്‌ലറ്റികോ മാഡ്രിഡിനെ ഒറ്റ ഗോളിന്‌ പരാജയപ്പെടുത്തി ബാഴ്‌സലോണ വീണ്ടും പോയന്റ് നിലയിൽ ഒന്നാമതെത്തി.

🔳പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിന് ബേണ്‍ലിയെ പരാജയപ്പെടുത്തി.

🔳ഇറ്റാലിയന്‍ സീരിഎ ഫുട്‌ബോളില്‍ യുവന്റ്‌സ് എതിരില്ലാത്ത രണ്ടു ഗോളിന് ബ്‌ളോഗ്ഞയെ തോല്‍പിച്ചു.

🔳ഒന്നരപതിറ്റാണ്ടുകളോളം നീണ്ട കൂട്ടുകെട്ട് ആപ്പിളും ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റലും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടുന്ന ചിപ്പുകള്‍ സ്വയം നിര്‍മ്മിക്കാനുള്ള വഴികളാണ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് സൂചന. 2005 മുതല്‍ ആപ്പിള്‍ തങ്ങളുടെ മാക് പ്രോഡക്ടുകളില്‍ ഇന്റലിന്റെ ചിപ്പാണ് ഉപയോഗിപ്പെടുത്തുന്നത്.

🔳കീ വേണ്ട. ഐഫോണ്‍ മതി ഇനി നിങ്ങളുടെ കാര്‍ സ്റ്റാര്‍ട്ട് അക്കാന്‍. ഐ ഫോണിന്റെ പുതിയ ഒഎസ് വേര്‍ഷനായ 14ലാണ് പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുപയോഗിച്ച് ഹാന്‍ഡിലില്‍ തൊട്ടാല്‍മതി. കാര്‍ സ്റ്റാര്‍ട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും. ഐ ഫോണ്‍ ഉപയോഗിക്കുന്നമറ്റൊരാള്‍ക്ക് ആവശ്യമെങ്കില്‍ താക്കോല്‍ കൈമാറാനും കഴിയും.

🔳1921ലെ മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്നു ചിത്രം ‘വാരിയംകുന്നന്‍’ ഒരുങ്ങുന്നത് 80 കോടി ബജറ്റില്‍. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം തികയുന്ന 2021-ലാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഷിഖ് അബുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് വാരിയംകുന്നന്‍ ഒരുങ്ങുക. ഇത് മാപ്പിള ലഹളയാണ് സ്വാതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്. അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്.

🔳ലോക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരിച്ച ഏക എന്ന സെക്കോ ത്രില്ലര്‍ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. വെറും 5 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനൂജ് രാമചന്ദ്രനാണ്.  അമ്മയുടെ ദുരൂഹമരണത്തിന് ശേഷം ശേഷം അച്ഛനും മക്കളും മാത്രമായ ഒരു വീട്. അവിടെ അരങ്ങേറുന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിയാകുന്ന സംസാര ശേഷിയില്ലാത്ത മകന്‍, എല്ലാത്തിനും സാക്ഷിയാകുന്ന മകള്‍, വളരെയധികം ആത്മസംഘര്‍ഷം അനുഭവിക്കുന്ന അച്ഛന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. നാടകപ്രവര്‍ത്തകനായ സന്തോഷ് വെഞ്ഞാറമൂട്, സിനിമാ താരങ്ങള്‍ കൂടിയായ കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍ എന്നിവര്‍ക്കൊപ്പം ജയകൃഷ്ണന്‍, മീനു എന്നീ പുതുമുഖങ്ങളും ശിവാനി, അപ്പു എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

🔳മൈക്രോ എസ്‌യുവി ആയ എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. 4.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നാല് വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. പ്രാരംഭപതിപ്പിന് 4.84 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Leave a Reply