പ്രഭാത വാർത്തകൾ
2020 ജൂൺ 29
1195 മിഥുനം 15 📡
തിങ്കളാഴ്ച (അത്തം നാൾ)
🔳ഇ മൊബിലിറ്റി പദ്ധതിയനുസരിച്ച് 4,500 കോടി രൂപ മുടക്കി മൂവായിരം ഇലക്ട്രിക് ബസ് വാങ്ങുന്നതില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം. ചട്ടം ലംഘിച്ച് ലണ്ടനിലെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. കൊച്ചി, പാലക്കാട് വ്യവസായ ഇടനാഴി, കെ ഫോണ്‍ എന്നീ പദ്ധതികള്‍ക്കും ഇതേ കമ്പനിക്കാണു കരാര്‍ നല്‍കിയത്. സത്യം കുംഭകോണം ഉള്‍പ്പെടെ ഒമ്പതു കേസുകളില്‍ നിയമനടപടികള്‍ നേരിടുകയും കരിമ്പട്ടികയിലാകുകയും ചെയ്ത കമ്പനിയാണിതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
🔳സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി അടുത്ത ബന്ധമുണ്ടെന്ന് വി.ടി. ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഡയറക്ടറായ ഐടി കമ്പനിയാണ് എക്സാലോജിക് സൊല്യൂഷന്‍സ്.
🔳ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് ഗതാഗതവകുപ്പ് ആരുമായും ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
🔳സംസ്ഥാനത്ത് ഇന്നലെ 118 പേര്‍ക്കുകൂടി കോവിഡ്. ഇവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ അഞ്ചു സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ നാലു പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
🔳കേരളത്തില്‍ കോവിഡ് ബാധിച്ച് 2015 പേരാണ് ചികിത്സയിലുള്ളത്. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ 42 പേരാണു രോഗമുക്തരായത്. 1,75,734 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,73,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലുമാണ്.
🔳ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവര്‍. രോഗബാധിതരുടെ ജില്ല തിരിച്ചുള്ള വിവരം. തൃശൂര്‍ -17, കൊല്ലം, ആലപ്പുഴ -10 പേര്‍ വീതം, തിരുവനന്തപുരം -09, എറണാകുളം, കോഴിക്കോട് -07 പേര്‍ വീതം, കാസര്‍ഗോഡ് – 06 കോട്ടയം, മലപ്പുറം, വയനാട് – 05 പേര്‍ വീതം, ഇടുക്കി, പാലക്കാട് -04 പേര്‍ വീതം, പത്തനംതിട്ട -03.
🔳ഇന്നലെ 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആകെ ഹോട്ട് സ്‌പോട്ടുകള്‍ 124. കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റി (വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുനിസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
🔳തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണം ശക്തമാക്കുന്നു. രണ്ടു സ്ഥലങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിലാക്കി. പാളയം ചാല മാര്‍ക്കറ്റുകളിലേതിന് സമാനമായ നിയന്ത്രണം പേരൂര്‍ക്കട, കുമരിച്ചന്തകളിലും ഏര്‍പ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ചന്തകള്‍ അടച്ചിടും. നഗരത്തിലെ 24 റോഡുകളാണ് അടച്ചിട്ടത്.
🔳ഡ്രൈവര്‍ കുഴഞ്ഞുവീണതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ലോറിയില്‍ ചാടിക്കയറി വാഹനം നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ പോലീസുകാരന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. പാലക്കാട് ആലത്തൂര്‍ ഹൈവേ പോലീസില്‍ ഡ്രൈവറായ ആര്‍. വിനോദിനാണ് 3000 രൂപ പാരിതോഷികവും അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
🔳ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വിവാഹ മോചിതയായി. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ളാറ്റിലേക്കു താമസം മാറി.
🔳തൃശൂര്‍ അന്തിക്കാട്ട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേരെ പൊലീസ് പിടികൂടി. വടിവാളടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തി. അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംശീര്‍ എന്നിവരേയാണ് പൊലീസ് പിടികൂടിയത്.
🔳വെള്ളിയാഴ്ച നറുക്കെടുത്ത സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയായ ആറു കോടി രൂപയുടെ ഭാഗ്യവാനെ കണ്ടെത്താനായില്ല. പാലക്കാട് ചെര്‍പ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജന്‍സിയില്‍നിന്നു ചില്ലറ ലോട്ടറി വില്‍പനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയില്‍ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
🔳രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്നലെ 394 പേര്‍കൂടി മരിച്ചു. 19,610 പേര്‍ക്കുകൂടി രോഗബാധ. ഇതുവരെ മരിച്ചവരുടെ എണ്ണം 16,487 ആയി. ആകെ രോഗബാധിതര്‍ 5,49,197. 2.10 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 3.21 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 156 പേര്‍കൂടി മരിക്കുകയും 5,493 പേര്‍കൂടി രോഗബാധിതരാകുകയും ചെയ്തു. ചികില്‍സയിലുള്ളത് 70,607 പേര്‍. 65 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 2,889 പേര്‍കൂടി രോഗികളായി. 27,847 പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 54 പേര്‍കൂടി മരിക്കുകയും 3,940 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 35,659 പേര്‍ ചികില്‍സയിലുണ്ട്.
🔳തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക്. സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും സിബിഐ അന്വേഷണം ഏറ്റെടുക്കുക.
🔳എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്കു സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അധികൃതര്‍. മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണമായും മാറ്റുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
🔳ദൃശ്യം സിനിമ മാതൃകയില്‍ ഭര്‍ത്താവിനെ കൊലപാതകം കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്.
🔳ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആര്‍ഭാട വിവാഹം നടത്തുകയും വരനടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് 250 പേര്‍ പങ്കെടുത്ത വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
🔳ഓണ്‍ലൈനായി മദ്യം തരാമെന്നു വാഗ്ദാനം ചെയ്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ 24,000 രൂപ തട്ടിയെടുത്തയാള്‍ പിടയില്‍. ലോക്ഡൗണ്‍ നാളുകളില്‍ മദ്യശാലകള്‍ അടച്ചിട്ടപ്പോഴായിരുന്നു തട്ടിപ്പ്. മദ്യശാലയുടെ പ്രതിനിധിയെന്ന വ്യാജേന മദ്യം വീട്ടിലെത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണു പണം പിടുങ്ങിയത്.
🔳ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നു പരാതി. ഗോവ പനാജിയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാര്‍ഥികള്‍ അപകീര്‍ത്തിപ്പെടുത്തിയത്. സ്‌കൂള്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി.
🔳ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 3,451 പേര്‍കൂടി മരിച്ചു. 1,62,427 പേര്‍കൂടി രോഗബാധിതരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 5,04,075 ആയി. രോഗബാധിതര്‍ 1.23 കോടി. അമേരിക്കയിലെ മരണം കുറഞ്ഞ് 284 ആയി. 602 മരണവുമായി മെക്‌സിക്കോ ഒന്നാം സ്ഥാനത്ത്. ബ്രസീലില്‍ 555 പേരാണു മരിച്ചത്. ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
🔳എഫ്എ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും. ക്വാര്‍ട്ടറില്‍ അധികസമയത്തെ ഗോളില്‍ നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സെമിയിലെത്തിയത്. ഓരോ ഗോള്‍വീതം നേടി സമനിലയിലായിരിക്കേയാണ് അധികസമയത്തേക്കു കളി നീട്ടിയത്. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഇന്‍ജുറി ടൈമില്‍ പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ സെമിയിലെത്തിയത്.
🔳ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ ഫിയോറെന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളിന് ലാസിയോ പരാജയപ്പെടുത്തി.
🔳ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ നേരത്തെത്തന്നെ കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക് അവസാന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് വൂള്‍വ്‌സ്ബര്‍ഗിനെ തോല്‍പിച്ചു.
🔳കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ടിപിസിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ മൊത്ത ലാഭത്തില്‍ 70 ശതമാനം ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല വൈദ്യുതി വിതരണ കമ്പനിയായ എന്‍ടിപിസിയുടെ മൊത്ത ലാഭം 70.48 ശതമാനം ഇടിഞ്ഞ് 1,523.77 കോടി രൂപയായി. ആകെ വരുമാനത്തില്‍ 15.49 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2019 -20 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ആകെ വരുമാനം മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 15.49 ശതമാനം ഇടിവോടെ 31,315.3 കോടി രൂപയാണ്.
🔳ടിക് ടോകിന് ശക്തമായ വെല്ലുവിളിയുമായി ഇന്ത്യയുടെ ടിക് ടോകിന്റെ ദേശി വേര്‍ഷനായാണ് ചിങ്കാരിയെ വിലയിരുത്തുന്നത്. ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കര്‍ണാടകയിലേയും ഡെവലപ്പര്‍മാരും ചേര്‍ന്നാണ് ചിങ്കാരി പുറത്തിറക്കിയത്. 2.5 ലക്ഷം ആളുകളാണ് ഇതിനോടകം ചിങ്കാരി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. പതിനായിരത്തോളം ആളുകളാണ് ചിങ്കാരി ഉപയോഗിച്ച് വിവിധ രീതിയിലുള്ള വീഡിയോകള്‍ തയ്യാറാക്കിയിട്ടുള്ളത്.
🔳കോവിഡ് പോരാട്ടത്തിനായി അത്യാധുനിക ഡ്രോണ്‍ ടെക്നോളജിയുമായി തമിഴ് താരം അജിത്തും സംഘവും വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാനുള്ള സഹായിക്കുകയാണ് ഡ്രോണ്‍. ഈ ടെക്നോളജിക്ക് അഭിനന്ദനങ്ങളുമായി കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. 2018ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അജിത്തിനെ സിസ്റ്റം അഡൈ്വസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. ദക്ഷ എന്നു പേരിട്ട അജിത്തിന്റെയും ടീമിന്റെയും ഡ്രോണ്‍ ആറുമണിക്കൂറിലേറെ സമയം നിര്‍ത്താതെ പറന്ന് മെഡിക്കല്‍ എക്സ്പ്രസ് 2018 യുഎവി ചലഞ്ചില്‍ വിജയിക്കുകയും ചെയ്തിരുന്നു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയില്‍ പലയിടത്തും വലിയ പ്രദേശങ്ങളില്‍ അണുനാശിനി തളിക്കാന്‍ ദക്ഷ ഡ്രോണ്‍ ഉപയോഗിച്ചു.
🔳ദേശീയ അവാര്‍ഡ് ജേതാവ് രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സയനൈഡ് മോഹന്റെ ജീവിതകഥ പ്രമേയമാക്കിയാണ് സയനൈഡ് എന്ന പേരില്‍ സിനിമയെടുക്കുന്നത്. താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഇരുപത് യുവതികളെ കൊലപ്പെടുത്തിയെന്ന് കേസ് ഉണ്ടായ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ കഥയാണ് രാജേഷ് ടച്ച്‌റിവര്‍ സിനിമയാക്കുന്നത്. രാജേഷ് ടച്ച്‌റിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. പത്മശ്രീ സുനിത കൃഷ്ണനാണ് ചിത്രത്തിന്റെ ഉപദേഷ്ടാവ്.
🔳ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ എംവി അഗസ്റ്റയുടെ എ3 800 മോഡല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വിപണിയില്‍ എത്തിയേക്കും. രാജ്യത്തെ ഏറ്റവും മികച്ച സൂപ്പര്‍ സ്പോര്‍ട്ട് മോഡലുകളില്‍ ഒന്നാണ് അഗസ്റ്റയുടെ എ3 800.എംവി അഗസ്റ്റ ഇന്ത്യന്‍ വിപണിയില്‍ കുറച്ചുകാലമായി പ്രചാരത്തിലുള്ള പ്രീമിയം സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡാണ്. അതുപോലെതന്നെ കമ്പനിയുടെ നിരയില്‍ നിന്നും ദീര്‍ഘകാലമായി വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുമാണ് എ3 800.