വിദ്യ എസ്എഫ്‌ഐ നേതാവല്ല; നേതാക്കളുമായി ഫോട്ടോ എടുത്താല്‍ അവരുമായി ബന്ധമുണ്ടാകുമോ?; ഇപി ജയരാജന്‍

0
35

കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന ആരോപണം നേരിടുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ വിദ്യ എസ്എഫ്‌ഐ നേതാവല്ലെന്ന് അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യ എസ്എഫ്‌ഐയുടെ ഒരുഭാരവാഹിയും ആയിരുന്നില്ല. ചിലപ്പോള്‍ കൗണ്‍സിലര്‍ ആയിട്ടുണ്ടാകും. ഞങ്ങള്‍ക്ക് അറിയില്ല. മത്സരിക്കുന്നവരെല്ലാം നൂറും ശതമാനം സംശുദ്ധരാണോ?- അദ്ദേഹം ചോദിച്ചു. 

ജോലി സമ്പാദിക്കാന്‍ തെറ്റായ വഴി സ്വീകരിച്ചവര്‍ക്ക് എതിരെ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ആരോപണങ്ങളിലൂടെ എസ്എഫ്‌ഐ എന്ന വലിയൊരു പുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. എന്ത് അടിസ്ഥാനത്തിലാണ് വിദ്യ എസ്എഫ്‌ഐ നേതാവ് എന്ന് പറയുന്നത്?  എസ്എഫ്‌ഐയില്‍ ചില വിദ്യാര്‍ഥികള്‍ കാണും. അവരെല്ലാം നേതാക്കളാണോ? നേതാക്കളുമായി ഫോട്ടോ എടുത്താല്‍ അവരുമായി ബന്ധമുണ്ട് എന്നാണോ അര്‍ത്ഥം?- ഇപി ജയരാജന്‍ ചോദിച്ചു. 

പാര്‍ട്ടിയില്‍ നിന്ന് ഒരുതരത്തിലുള്ള പിന്തുണയും വിദ്യക്കില്ല. നിങ്ങള്‍ എസ്എഫ്‌ഐക്കാരെ മാത്രമാണ് നോക്കി നടക്കുന്നത്. അന്വേഷിച്ചാല്‍ എല്ലാവരെയും കാണാം. ഒരുകുട്ടി തെറ്റായ നടപടി സ്വീകരിച്ചാല്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കേണ്ടതാണ്. കാട്ടക്കട കോളജിലെ വിഷയത്തില്‍ ആരും ന്യായീകരിച്ചില്ല. അതിന്റെമേല്‍ ശക്തമായ നിലപാട് സംഘടന സ്വീകരിച്ചു. അതിനെ പ്രശംസിക്കുകയാണ് വേണ്ടത്. മാധ്യമങ്ങളില്‍ കടുത്ത എസ്എഫ്‌ഐ വിരുദ്ധതയുണ്ട്. വസ്തുതാപരമായി കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ എസ്എഫ്‌ഐ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Leave a Reply