വിനായകന് അവാര്‍ഡ് കിട്ടിയതിനാലാണ് പ്രമുഖ നാടന്‍മാര്‍ പങ്കെടുക്കാത്തതെന്ന് മന്ത്രി ബാലന്‍, അവാര്‍ഡ് ദാന ചടങ്ങിലേക്ക് വിളിക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് മറുപടിയുമായി ജോയ് മാത്യുവും : ഉദ്ഘാടന വേദിയില്‍ മന്ത്രിയും ജോയ് മാത്യുവും തമ്മില്‍ എറ്റുമുട്ടി

0
36

പാലക്കാട്: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനെച്ചൊല്ലി മന്ത്രി എ.കെ. ബാലനും നടനും സംവിധായനുമായ ജോയ് മാത്യുവും പൊതുവേദിയില്‍ ഏറ്റുമുട്ടി. പുരസ്‌കാരദാന ചടങ്ങില്‍ പ്രമുഖ നടി നടന്മാര്‍ പങ്കെടുക്കാത്തതിനെയാണ് എ.കെ ബാലന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടിനടന്മാര്‍ അവാര്‍ഡ ദാന ചടങ്ങില്‍നിന്നും വിട്ടുനിന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ജോയ് മാത്യു പങ്കെടുത്ത വേദിയില്‍ വെച്ചാണ് മന്ത്രി പ്രസ്താവന നടത്തിയത്. ഇതോടെ മന്ത്രിക്കുള്ള മറുപടിയുമായി ജോയ് മാത്യു രംഗത്തെത്തി. അവാര്‍ഡ് ദാന ചടങ്ങിലേക്ക് വിളിക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. പ്രമുഖ നടന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് നടന്മാരായ പാര്‍ട്ടി എംപിയോടും എംഎല്‍എയോടും ചോദിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

സംഭവം ചര്‍ച്ചയായതോടെ കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തി. ജോയി മാത്യുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ടും പങ്കെടുക്കാത്തവരെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. പാലക്കാട് ചിറ്റൂരിലെ കൈരളി, ശ്രീ തീയെറ്റര്‍ സമുച്ചയച്ചിന്റെ ഉദ്ഘാടന ചടങ്ങിവിടെയായിരുന്നു സംഭവം.

കഴിഞ്ഞ വര്‍ഷമാണ് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ക്ഷണിക്കപ്പെട്ട പല താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് അപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിനെ മുഖ്യമന്ത്രി ചടങ്ങില്‍ വെച്ചുതന്നെ വിമര്‍ശിച്ചിരുന്നു

അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എം.പി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എം.എല്‍.എ.യുമായ കെ.ബി. ഗണേഷ്‌കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല.

Leave a Reply