വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ നടത്തുന്ന നിർണായക ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാൻറെ അധ്യക്ഷതയിലാണ് ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്.അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.