മുംബൈ : കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ബോഡി ബില്‍ഡര്‍ ശ്വേത സഖര്‍ക്കര്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശ്വേതയുടെ തുറന്നുപറച്ചില്‍.ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ. ഒരു ബോഡി ബില്‍ഡറാവുകയെന്നതായിരുന്നു എന്റെ ആഗ്രഹം. ശരീരം എന്നെ പരാജയപ്പെടുത്തില്ലെന്ന ആത്മവിശ്വാസമായിരുന്നു കൈമുതല്‍.
എന്നാല്‍ ഞാന്‍ എത്രമാത്രം ശക്തയാകുന്നുവോ അത്രമാത്രം എന്റെ തലയിലെ ഭാരവും വര്‍ധിക്കുകയായിരുന്നു. എന്നെ കിടക്കയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.കിടക്കയില്‍ തങ്ങളോടൊപ്പം റസ്ലിങ് നടത്തൂവെന്നായിരുന്നു ചിലര്‍ ആവശ്യപ്പെട്ടത്. എന്റെ ചിത്രങ്ങളായിരുന്നു ചിലര്‍ ചോദിച്ചത്. നായയെന്നും വേശ്യയെന്നും അധിക്ഷേപിച്ചവരുമുണ്ട്.
ചിലര്‍ ബലാത്സംഗ ഭീഷണികള്‍ മുഴക്കി. വിവാഹിതനായ ഒരാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതിന് എനിക്ക് 95,000 രൂപവരെ വാഗ്ദാനം ചെയ്യപ്പെട്ടു. ഇതിനോടെല്ലാം എതിരിടാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുടെ പിന്തുണ എനിക്കുണ്ടായിരുന്നില്ല.അവര്‍ എന്നെ ഉപദേശിക്കുകയാണ് ചെയ്തത്. എല്ലാം എന്റെ തെറ്റാണെന്ന് കുറ്റപ്പെടുത്തുകയുമാണ് ചെയ്തത്. പുരുഷന്‍മാരെ വശീകരിക്കാനാണ് ഞാന്‍ മസിലുകള്‍ പെരുപ്പിക്കുന്നതെന്ന് അവര്‍ ആക്ഷേപിച്ചു.
ശരീരത്തിന് ഒതുക്കമില്ലെങ്കില്‍ എങ്ങനെ വിവാഹം നടക്കുമെന്ന് അവര്‍ ചോദിച്ചുകൊണ്ടിരുന്നു. നിശ്ശബ്ദ പ്രതിഷേധങ്ങളും മെഴുകുതിരി തെളിയിച്ചുള്ള മാര്‍ച്ചുകളും നടത്താം.പക്ഷേ ആളുകളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാക്കാനായില്ലെങ്കില്‍ ഇവ ബധിര കര്‍ണങ്ങളിലാണ് പതിക്കുക. സ്വന്തം പദവികള്‍ സംരക്ഷിക്കാന്‍ തത്രപ്പെടുന്ന സ്വേഛാധിപതികള്‍ക്ക് വോട്ടുകള്‍ മാത്രമാണ് വേണ്ടത്. വോട്ടിനെക്കുറിച്ച് മാത്രമാണ് അവര്‍ക്ക് വേവലാതിയെന്നും ശ്വേത കുറിച്ചു.