വീണ്ടും ആധാര്‍ ചോര്‍ച്ച, 1.3ലക്ഷം പേരുടെ വിവരങ്ങള്‍ പുറത്ത്: ചോര്‍ന്നത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന്

0
27

ന്യൂഡല്‍ഹി:രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നും ചോര്‍ന്നു. ആന്ധ്രപ്രദേശ് ഭവന നിര്‍മ്മാണ് പദ്ധതി വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.നേരത്തെ ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതു തടയാന്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്നും ആധാര്‍ സുരക്ഷിതമാണെന്നും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) രംഗത്തെത്തിയിരുന്നു.

ഒരു സംസ്ഥാനത്തിനു കീഴിലുള്ള കമ്പനിയുടെ സിസ്റ്റത്തിലുണ്ടായ പിഴവാണ് ആധാര്‍ ചോര്‍ച്ചയ്ക്കു കാരണമായത്. ആ ഒരൊറ്റ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. പേരും 12 അക്ക ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ ഇത്തരത്തില്‍ ചോര്‍ന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആധാറുമായി ഉപയോക്താവ് ബന്ധപ്പെടുത്തിയിരിക്കുന്ന സേവനങ്ങളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നായിരുന്നു യുഐഡിഎഐ പ്രതികരിച്ചത്. അഥവാ ചോര്‍ന്നെങ്കില്‍ തന്നെ അത് പ്രസ്തുത കമ്പനിയുടെ ഡേറ്റബേസ് ആയിരിക്കും. അതിന് യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നുമാണ് അവര്‍ അന്ന് വ്യക്തമാക്കിയത്.

ആധാര്‍ നമ്പര്‍ മാത്രം ലഭിച്ചാല്‍ അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ഒരുപകാരവും ഉണ്ടാകില്ല. വിരലടയാളം, നേത്രപടലം (ഐറിസ്) സ്‌കാനിങ്, ഒടിപി തുടങ്ങിയ സുരക്ഷിത മാര്‍ഗങ്ങളിലൂടെ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാനാകൂ. സാമ്പത്തിക തട്ടിപ്പു പോലും സാധിക്കില്ലെന്നും യുഐഡിഎഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്.

Leave a Reply