വീണ്ടും കുരുതിക്കളമായി കണ്ണൂര്‍, മാഹിയില്‍ ഒരു മണിക്കൂറിടെ രണ്ടുപേരെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍: ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ഹര്‍ത്താല്‍

0
36

കണ്ണൂര്‍: മാഹിയില്‍ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു. സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ മാഹി നഗരസഭാംഗവുമായ ബാബു കണ്ണിപ്പൊയില്‍ (45), മാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജ് എന്നിവരാണ് മരിച്ചത്.സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ രാത്രി 9.15നാണ് ബാബു കണ്ണിപ്പൊയിലിന് വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു.
പള്ളൂരില്‍ ഡോ. കാരായി ഭാസ്‌ക്കരന്റെ വീട്ടിനടുത്ത് വെച്ചാണ് സംഭവം. വീട്ടിലേക്കു പോകുന്ന വഴിയില്‍ വച്ച് ബാബുവിനെ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.

ബാബു കണ്ണിപ്പൊയില്‍ മരിച്ചതിനു പിന്നാലെ രാത്രി പത്തുമണിയോടെ ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തന്‍ ഷമേജിനും വെട്ടേല്‍ക്കുകയായിരുന്നു. മുഖത്തും കൈക്കുമാണ് ഷമേജിനു വെട്ടേറ്റത്. മാഹി മലയാള കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഒരു സംഘം അക്രമികള്‍ ഷമേജിനെ വെട്ടി പരുക്കേല്‍പ്പിച്ചത്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആംബുലന്‍സില്‍ വച്ചാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകന്റെ കഴുത്തറുത്തുള്ള കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കൂത്തുപറമ്പില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീന കാംപ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായ ഈ കൊലപാതകം നടന്നത്.

സംഭവം ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതാണെന്നും കൊലപാതക ഗൂഡാലോചനയെ കുറിച്ചും പൊലിസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സി.പി.എം പ്രവര്‍ത്തകന്‍ ചെമ്പ്രയില്‍ സുധീഷിനും വെട്ടേറ്റതായാണ് വിവരം. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ നാളെ നടക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Leave a Reply