കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫിനാന്‍സ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അ്വേഷണവും നടക്കുന്നത്. വീണ വീജയന്‍, എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്. സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.എന്നാല്‍ ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആര്‍എല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ കളളക്കണക്കിന്റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുളള എതിര്‍കക്ഷികളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടും. സഹകരിച്ചില്ലെങ്കില്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കും. തുടര്‍ന്നാകും ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതടക്കമുളള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റിന് കടക്കാം.