Saturday, November 23, 2024
HomeNRIGulfവേനല്‍ ചൂട്; ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു

വേനല്‍ ചൂട്; ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു

 

വേനല്‍  ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ബഹ്‌റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.

ഈ നിരോധനം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ഹൗസിങ് പ്രോജക്ടുകള്‍, ഫാക്ടറികള്‍, ക്ലീനിങ് കമ്പനികള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഇതു സംബദ്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍വരെ പിഴ ചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍വരെ ഈ നിയന്ത്രണം സഹായകരമായിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം രാജ്യത്തെ 98 ശതമാനം തൊഴിലുടമകളും ഇതിനോട് സഹകരിച്ചതായും മന്ത്രി പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ തൊഴിലാളികളെക്കൊണ്ട് നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ അക്കാര്യം തൊഴില്‍ മന്ത്രാലയ അധികൃതരെ അറിയിക്കുന്നപക്ഷം സ്ഥാപനത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments