വ്യക്തികള്‍ക്കുണ്ടാകുന്ന നാശം നോക്കിയാൽ നാട്ടിൽ വികസനം വരില്ലെന്ന് എം എം മണി

0
31

 

തിരുവനന്തപുരം: വ്യക്തികള്‍ക്കുണ്ടാകുന്ന നാശം നോക്കിയാൽ നാട്ടിൽ വികസനം വരില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ശാന്തിവനത്തിലൂടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തവനങ്ങളിൽ നിന്ന് പിന്നോട്ടു പോകാൻ കെഎസ്‍ഇബിക്ക് സാധിക്കില്ലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വൈദ്യുതി ലൈനെതിരെ ഉടമസ്ഥ നൽകിയ പരാതി കോടതി പരിഗണിക്കട്ടെ. അതുവരെ പണിനിര്‍ത്താൻ സാധിക്കില്ല. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതിക്കെതിരെ ഇപ്പോഴല്ല പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വടക്കൻ പറവൂരിലെ ശാന്തിവനത്തിൽ വൈദ്യുത ലൈൻ വലിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ടവര്‍ നിര്‍മ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ടവറിൻ്റെ അടിത്തറ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഇന്നലെ ശാന്തിവനം സമരസമിതി പ്രവര്‍ത്തകര്‍ വൈദ്യുത മന്ത്രി എം എം മണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് മന്ത്രി അറിയിച്ചു. സമരസമിതി പ്രവര്‍ത്തകരുടെ പരാതി പരിശോധിക്കാമെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നും ഉറപ്പ് നൽകിയതായി ശാന്തിവനം സംരക്ഷണ സമിതി കൺവീനർ കുസുമം ജോസഫ് വ്യക്തമാക്കി.

വൈദ്യുതി ലൈൻ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഭൂമി ഉടമ മീന മേനോൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. സമരം ശക്തമാക്കി മുന്നോട്ടു പോകാനാണ് സമിതിയുടെ തീരുമാനം.

Leave a Reply