വർഷത്തിൽ ഒരു ദിവസം ലോക്ക് ഡൗൺ ദിനമായി ഐക്യ രാഷ്ട്ര സംഘടന പ്രഖ്യാപിക്കണം : ലോക്ക് ഡൗൺ കാലത്തെ നല്ല വശങ്ങൾ പങ്കു വെച്ച് പി ജെ ജോസഫ്

0
25

വര്‍ഷത്തില്‍ ഒരു ദിവസം ലോക്ഡൗണ്‍ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കണം എന്ന് പിജെ ജോസഫ് എം എൽ എ.

   

 ലോക്ഡൗണ്‍ ഭൂമിയ്ക്കു നല്‍കിയ വരദാനങ്ങളെ കുറിച്ച് ചിന്തിക്കുവാന്‍ സമയമായി കഴിഞ്ഞിരിക്കുന്നു. പ്രകൃതിയ്ക്ക് ലഭിച്ചിരിക്കുന്ന സ്വച്ഛതയും നൈര്‍മല്യവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ലോക്ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണം, ആഗോളതാപനം എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ഏറെ പ്രാധാന്യമുള്ളത്. 1992 -ലെ റയോ ഡി ജനീറോ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഗൗരവമായി എടുക്കാതിരുന്ന രാജ്യങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ലോക്ഡൗണ്‍ അന്തരീക്ഷ മലിനീകരണത്തെ ശമിപ്പിക്കുന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള ഫാക്ടറികള്‍ അടച്ചു പൂട്ടിയതുവഴി കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറഞ്ഞു. ഒരു വൈറസ് ബാധ ഉണ്ടായതിനാല്‍ തങ്ങളുടെ വ്യവസായ ശാലകള്‍ അടച്ചിടുകയും നിരത്തുകളില്‍ നിന്ന് വാഹനങ്ങളെ പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ മണ്ണും ജലവും വായുവും നിര്‍മ്മലമാകാന്‍ പോകുന്നുവെന്നത് കൊറോണ കാലത്തിന്റെ നല്ലവശമായി കാണേണ്ടതുണ്ട്. താളം തെറ്റിയ പ്രകൃതിയെ നേര്‍വഴിയ്ക്കു നടത്തുവാന്‍ ഒരു പരിധി വരെ കൊറോണയ്ക്കു കഴിഞ്ഞു.

      ആഗോള താപനത്തിന്റെ മുഖ്യ ഉത്തരവാദികള്‍ യൂറോപ്പ്, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്. മനുഷ്യന്‍ വിവേകത്തോടെ മനസ്സിലാക്കേണ്ട ഒരു വലിയ പാഠമാണ് ഈ വൈറസ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ആര്‍ട്ടിക് - അന്റാര്‍ട്ടിക് മേഖലകളിലെ മഞ്ഞുകട്ടകള്‍ ഉരുകുകയും ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്യുമെന്നും വേനല്‍ കഠിനമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും 28 വര്‍ഷം മുമ്പുതന്നെ പ്രവചിച്ചിട്ടും അനുസരിക്കാത്ത ലോകനേതാക്കന്‍മാര്‍ വരെ ഇപ്പോള്‍ ക്യോട്ടോ, മോണ്‍ട്രിയോള്‍ പ്രോട്ടോകോളുകള്‍ താനെ അനുസരിക്കുന്നുവെന്ന് കാണുമ്പോള്‍ പ്രകൃതി സ്‌നേഹികള്‍ സന്തോഷിക്കുകതന്നെ ചെയ്യും. 

കൊറോണ കാലത്തിനു ശേഷം മറ്റ് ഏതു മേഖലയിലും മാറ്റങ്ങള്‍ ഉണ്ടായാലും പ്രകൃതിയുടെ ശാന്തത ഇനിയും ഭഞ്ജിക്കപ്പെടാന്‍ അനുവദിക്കപ്പെടരുത്.

         ഐക്യരാഷ്ട്രസഭ മുന്നോട്ടു വന്ന് വര്‍ഷത്തില്‍ ഒരു ദിവസം ലോകം മുഴുവന്‍ ലോക്ഡൗണ്‍ ആക്കുവാനുള്ള പ്രഖ്യാപനം നടത്തണം. നമ്മുടെ ഭൂമിയെ അതിന്റെ   സ്വാഭാവികതയിലൂടെ താളം തെറ്റാതെ തിരികെ കൊണ്ടുവരാനുള്ള നല്ല അവസരമായി മാറ്റുവാന്‍ കഴിയണം. കോവിഡ് ബാധയെ തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുന്ന ഒരു ജനതതിയായി നാം മാറി എന്നുള്ളത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 

            ലോക്ഡൗണ്‍ കാലം തിരിച്ചറിവിന്റെ കാലമായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവില്‍ എക്കാലവും ആഴ്ന്നു കിടക്കുന്ന ചിന്തകള്‍ പാകിയ നമ്മുടെ രാഷ്ട്രപിതാവിന്റെ വലിയ ആശയമായിരുന്നല്ലോ ഗ്രാമസ്വരാജ് എന്നത്. നഗരങ്ങളില്‍ സന്തോഷമുണ്ടെന്ന് വിശ്വസിച്ച് ജോലിയ്ക്കായി അവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ തിരക്കുകൂട്ടിയത് സ്വന്തം ഗ്രാമങ്ങളില്‍ എത്തുവാനായിരുന്നല്ലോ. ഗ്രാമങ്ങളില്‍ സമൃദ്ധി ഉണ്ടെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. ലോക്ഡൗണ്‍ നീട്ടിയാലും നമ്മുടെ ഗ്രാമങ്ങള്‍ അതിജീവിക്കുമെന്നതില്‍ സംശയം വേണ്ട. നന്‍മകളാള്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ ഭംഗിയും ഐശ്വര്യവും ആസ്വദിക്കുവാനുള്ള അവസരം കൂടിയാണിത്. ഗ്രാമസ്വരാജ് എന്ന ആശയത്തിലേയ്ക്ക് ശ്രദ്ധ തിരിക്കാന്‍ ഇനി വൈകിക്കൂടാ. ഭക്ഷ്യസമൃദ്ധമായുള്ള ഗ്രാമങ്ങളിലെ തൊടികള്‍ വീണ്ടെടുത്താല്‍ ഭക്ഷ്യ ദാരിദ്രത്തില്‍ നിന്നും നമുക്ക് അതിജീവനം നേടാം. ഭാരതം അതിന്റെ ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന സത്യത്തേയും തിരിച്ചറിയുവാന്‍ ഈ രോഗകാലം നമ്മോട് ആവശ്യപ്പെടുന്നു. 

എല്ലാവിധ ജോലികളുടെയും സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ലോക്ഡൗണിനു ശേഷം സംഭവിച്ചേക്കാം. ഇപ്പോള്‍ തന്നെ വലിയ കമ്പനികള്‍ തങ്ങളുടെ ജോലിക്കാരോട് വീടിനുള്ളിലിരുന്ന് തൊഴില്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. (വര്‍ക്ക് ഫ്രം ഹോം) വീട്ടിലിരുന്ന് തങ്ങളുടെ ജീവനക്കാര്‍ തൃപ്തികരമായി ജോലികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അംബരചുംബികളായ കോര്‍പ്പറേറ്റ് ഓഫീസുകള്‍ തങ്ങള്‍ക്കാവശ്യമുണ്ടോയെന്ന് വന്‍കിട തൊഴില്‍ ദാതാക്കള്‍ ചിന്തിക്കുവാനിടയുണ്ട്. അതിന്റെ ഫലമെന്തായിരിക്കും ?

             വലിയ കെട്ടിടങ്ങള്‍ പണിതുയര്‍ത്തേണ്ട ആവശ്യമില്ല. ജീവനക്കാര്‍ക്ക് വസിക്കുവാന്‍ ഫാറ്റ്‌സമുച്ചയങ്ങളുടെ എണ്ണം കുറയ്ക്കാം. വാഹനങ്ങള്‍ അധികം പുറത്തിറേങ്ങണ്ട. റസ്റ്റോറന്റുകളും ഹോട്ടല്‍ ശൃംഖലകളും എണ്ണത്തില്‍ കൂടുതല്‍ ഉണ്ടാവുകയില്ല. വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകളെ കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിന്തിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്തു കഴിഞ്ഞു. ക്ലാസ്സുകളിലിരുന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പകരം വീട്ടിലിരുന്നു പഠിക്കുന്നവരുടെ എണ്ണം കൂടിയേക്കാം. അദ്ധ്യാപകരുടെ പ്രവര്‍ത്തന രീതി മാറിയേക്കാം. ഗൈഡ് ചെയ്യുന്നവരായി ഇവരില്‍ ചിലര്‍ മാറാം. വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു തൊഴിലുകള്‍ ചെയ്തുകൊണ്ടുതന്നെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കാനാവും. പരീക്ഷണശാലകളില്‍ ചെയ്തു പഠിക്കേണ്ട കാര്യങ്ങള്‍ക്കോ വര്‍ക്ക്‌ഷോപ്പുകളിലേയ്‌ക്കോ പോകുവാനല്ലാതെ വിദ്യാലയങ്ങളിലേയ്ക്ക്  പോകേണ്ടി വരാത്ത ഒരു സാഹചര്യം സംജാതമായേക്കാം. എല്ലാ രംഗത്തും മാറ്റങ്ങള്‍ പ്രകടമാകുന്ന നാളുകളായിരിക്കും മുന്നില്‍. കോവിഡ് - 19 ന്റെ മറുവശം നല്ല തീരുമാനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമായി കാത്തിരിക്കാം. പ്രകൃതി അതിന്റെ താളം തിരികെ പിടിച്ചിരിക്കുന്നു. ശബ്ദ കോലാഹലങ്ങളില്ലാതെ വായുമലിനീകരണമില്ലാതെ ഒരു ദിനം നമുക്കും ആചരിക്കാം - ലോക്ഡൗണ്‍ ഡേ..........

Leave a Reply