ശക്തമായ മഴ; മരണം പതിനൊന്നായി; ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
29

തിരുവനന്തപുരം: കാലവര്‍ഷ കെടുതിയില്‍ മരണം പതിനൊന്നായി.പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരിക്കേറ്റ കുട്ടി മരിച്ചു. ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് (8) ആണ് മരിച്ചത്. ഇന്നലെയാണ് മരംവീണ് കുട്ടിക്ക് പരിക്കേറ്റത്.

കാലത്ത് വൈദ്യുതി ലൈന്‍ തട്ടി തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിരുന്നു. ശാസ്തവട്ടത്ത് ശശിധരന്‍ (75) ആണ് മരിച്ചത്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഒമ്പത് പേര്‍ മരിക്കുകയും 15ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചിരിക്കുന്നത്. തീരദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. കടലില്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിര ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പനയിലും കുമളിയിലും ശക്തമായ മഴയും കാറ്റുമുണ്ടായി. കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപം മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടു. ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉരുള്‍പൊട്ടലുണ്ടായി. ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായം ഇല്ല. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിമാലി വാളറ വാടക്കേചാലില്‍ ഉരുള്‍പൊട്ടി. കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്ന് എം.വി.ഐ.പി. ഏ.എക്‌സി.അറിയിച്ചു. തൊടുപുഴയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കാലവര്‍ഷത്തില്‍ കഴിഞ്ഞ ദിവസം കടുത്ത നാശനഷ്ടങ്ങളാണുണ്ടായത്. കേരളത്തില്‍ ഉടനീളം കാറ്റിലും മഴയിലും ഉരുള്‍പൊട്ടലിലും വലിയതോതില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. പലയിടത്തും റോഡുകളും വീടുകളും തകര്‍ന്നിട്ടുണ്ട്. കോതമംഗലം, പറവൂര്‍ മേഖലയില്‍ 14ഓളം ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. 13 ഓളം വീടുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു. എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്.

പത്തനം തിട്ടയിലെ മലയോര മേഖലയായ ഗവിയില്‍നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് വഴിയില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പുറപ്പെട്ട ബസ് ആണ് മരം വീണ് വഴിയടഞ്ഞതിനാല്‍ പതിനാലാം മൈലില്‍ കുടുങ്ങിക്കിടക്കുന്നത്.

Leave a Reply