തിരുവനന്തപുരം: ശബരിമല ആചാരം സംരക്ഷിക്കല്‍ അനൗദ്യോഗിക ബില്ലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു എം. വിന്‍സെന്റ് സ്പീക്കര്‍ക്കു വീണ്ടും കത്തു നല്‍കി. നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും അപ്രകാരമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ അവതരിപ്പിക്കുന്നതു നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ താന്‍ നോട്ടീസ് നല്‍കിയ 2018 ലെ കേരള (ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും അവരുടെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സമ്പ്രദായങ്ങളഅ# എന്നിവ സംരക്ഷിക്കലും) ബില്ലിനു സമാനമായ ബില്ലിന് ലോക്സഭാ സ്പീക്കര്‍ അവതരണാനുമതി നല്‍കിയിട്ടുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കിയ അനൗദ്യോഗിക ബില്ലിന് ശബരിമല ശ്രീ ധര്‍മശാസ്താ ടെമ്പിള്‍ സ്പെഷല്‍ പ്രൊവിഷന്‍ ബില്‍- 2019 നാണ് അവതരണാനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ താന്‍ നോട്ടീസ് നല്‍കിയ അനൗദ്യോഗിക ബില്ലിന് അവതരണാനുമതി നിഷേധിച്ച കാര്യം പുനഃപരിശോധിക്കണമെന്നും ബില്‍ പ്രിന്റ് ചെയ്ത് സര്‍ക്കുലേറ്റ് ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബില്‍ ഭരണഘടനാ വിരുദ്ധമാണോ എന്ന പരിശോധിക്കുന്ന നിയമസഭയല്ലെന്നും നിയമ കോടതികളാണെന്നും പല റൂളിംഗുകളിലൂടെ വ്യക്തത വരുത്തിയതാണ്. അനൗദ്യോഗിക ബില്‍ സംബന്ധിച്ചു ഭരണഘടനാപരമോ മറ്റ് ഏതെങ്കിലും തരത്തിലോ സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കര്‍ക്ക് യുക്തമെന്നു തോന്നിയ്ല്‍ വിശദീകരണ പ്രസ്താവന നടത്താന്‍ അനുവദിച്ച ശേഷം കൂടുതല്‍ ചര്‍ച്ച കൂടാതെ പ്രമേയം വോട്ടിന് ഇടാന്‍ അനുവദിക്കാം. നിയമസഭാ ചട്ടം 71 ല്‍ ഇത് അനുശാസിക്കുന്നുണ്ട്. എന്നാല്‍, ബില്‍ നിയമസഭയുടെ നിയമനിര്‍മാണ അധികാര പരിധിക്കു വെളിയിലുള്ള നിയമം കൊണ്ടുവരുന്ന കാരണത്താലാണ് പ്രമേയം എതിര്‍ക്കപ്പെടുന്നതെങ്കില്‍ സ്പീക്കര്‍ക്കു പൂര്‍ണ ചര്‍ച്ച അനുവദിക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും കത്തില്‍ പറയുന്നു.