കോട്ടയം: ശബരി വിമാനത്താവളം നിർമാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളിൽ സർക്കാർനിർദേശങ്ങളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റിന്റെ നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ച് അധികൃതർ വ്യക്തമാക്കി.
ശബരി വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിന്റെ 2,263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചുവെന്നു മാധ്യങ്ങളിൽ കണ്ട അറിവു മാത്രമേയുള്ളുവെന്ന് പിആർഒ ഫാ. സിജോ പന്തപ്പള്ളി വ്യക്തമാക്കി.
വിമാനത്താവളം നിർമിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഉടമസ്ഥത വിട്ടുനിൽകുന്നതും തോട്ടം ഏറ്റെടുക്കുന്നതും സംബന്ധിച്ച് ബിലീവേഴ്സ് ചർച്ച് കൗണ്‍സിലുമായി സർക്കാർ സുതാര്യമായ ചർച്ചയ്ക്കു തയാറാകണം. മറ്റു മാർഗങ്ങളിലേക്കാണ് സർക്കാർ തീരുമാനമെങ്കിൽ നീക്കത്തെ നിയമപരമായി നേരിടും.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാലാ കോടതിയിൽ സർക്കാർ അന്യായം ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അതിൽ വിസ്താരമോ മറ്റ് നടപടികളോ പൂർത്തിയായിട്ടില്ല. പാലാ കോടതിയുടെ വിധി വരാതെ സ്ഥലം ഏറ്റെടുക്കാനോ നിർമാണം തുടങ്ങാനോ സർക്കാരിനാവില്ല. നിലവിൽ എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച സുപ്രീംകോടതി വിധി ബിലീവേഴ്സ് ചർച്ചിന് അനുകൂലമാണെന്ന് ഫാ. സിജോ പറഞ്ഞു. പാട്ടക്കാലാവധി തീർന്ന തോട്ടങ്ങൾ സർക്കാരിന് അവകാശപ്പെട്ടതാണെന്ന രാജമാണിക്യം റിപ്പോർട്ട് അടിസ്ഥാനമാക്കി നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി സർക്കാരിന് എതിരായിരുന്നു. തുടർന്ന് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കേസ് പരിഗണനയ്ക്കെടുക്കാതെ പരമോന്നത കോടതി തള്ളുകയായിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റേതുൾപ്പെടെ ഹാരിസണ്‍സ് കന്പനിയുടെ കേരളത്തിലെ ഏതു തോട്ടത്തിന്റെയും ആധാരത്തിൽ തർക്കമുണ്ടെങ്കിൽ അതാത് ജില്ലകളിലെ സിവിൽ കോടതിയിൽ പോയി പരിഹാരം തേടാനാണ് മുൻ വിധിയിൽ ഹൈക്കോടതി നിർദേശിച്ചത്. പാലാ കോടതിയുടെ വിധി വരുന്നതുവരെ സുപ്രീംകോടതിയുടെ വിധി നിലനിൽക്കുമെന്നും ഫാ. സിജോ വ്യക്തമാക്കി.