മലപ്പുറം: ശാസ്ത്രം സത്യമാണെന്നും സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയണം. സയന്‍സിനെ പ്രമോട്ട് ചെയ്യുകയെന്നത് ആധുനിക ഇന്ത്യയില്‍ വളരെ പ്രധാനമാണ്. അത് മതവിശ്വാസത്തെ തള്ളല്‍ അല്ല. അതോടൊപ്പം മതനിരപേക്ഷ വാദിയാവുകയെന്നതാണ് നമ്മള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും ഷംസീര്‍ പറഞ്ഞു. മേലാറ്റൂരില്‍ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് ഒരുപോലെ ഒന്നിച്ചിരിക്കാന്‍ സാധിക്കണം. അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കണം. അതാണ് കേരളം. ഭിന്നിപ്പുണ്ടാക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് നമുക്കുണ്ടാവണമെന്നും ഷംസീര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുകയെന്നതാണ് നമുക്ക് ആധുനിക കാലത്ത് എടുക്കേണ്ട മറ്റൊരു പ്രതിജ്ഞ. നമ്മുടെ പൂര്‍വികര്‍ നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടത്തിന്റെ, സഹനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഈ ഭരണഘടന സംരക്ഷിക്കാന്‍ ഓരോവിദ്യാര്‍ഥിയും സജീവമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നുവെന്നാണ് കാലം നമ്മോട് ആവശ്യപ്പെടുന്നതെന്നും ഷംസീര്‍ പറഞ്ഞു.