‘ശിവശങ്കറിന് മാത്രം അറിയാവുന്ന രഹസ്യങ്ങളുണ്ട്’; ലൈഫ് മിഷന്‍ കേസില്‍ അഞ്ചാം പ്രതി

0
23

ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും.

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ശിവശങ്കറിനെ എറണാകുളം ജനറല്‍ ആശുപ്തരിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. സരിത്, സന്ദീപ് എന്നിവര്‍ക്കായി 59 ലക്ഷം രൂപയും നല്‍കി.

അതിനിടെ കേസില്‍ തിരുവനന്തപുരം സ്വദേശി യദു കൃഷ്ണന്‍ എന്നയാളെയും ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്. യദു കൃഷ്ണന് മൂന്നു ലക്ഷം രൂപ കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണ് ഈ തുക ലഭിച്ചത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി കണ്ടെടുത്തു. ഇതോടെ കേസില്‍ ആറുപേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

ശിവശങ്കര്‍ കുറ്റക്കാരനാണെന്നതിന് സാങ്കേതിക തെളിവുകള്‍ കൈവശമുണ്ടെന്ന് തെളിവുണ്ടെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശിവശങ്കറിന്റെ ഫോണില്‍ നിന്നും ശേഖരിച്ച വാട്സ് ആപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണ്. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. തെറ്റിദ്ധാരണയുണ്ടാക്കുന്ന മറുപടികള്‍ നല്‍കി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങളുണ്ട്. ഇതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി സൂചിപ്പിക്കുന്നു.

Leave a Reply