കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ചവരില്‍ പന്ത്രണ്ടു പേര്‍ക്കു നിപ്പാ വൈറസ് സ്ഥിരീകരിച്ചു. പരിധോനയ്ക്ക് അയച്ച 18 സാംപിളുകളില്‍ 12 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ടു പേര്‍ക്കും വൈറസ് ബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കും നിപ്പാ ബാധിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. ഇതോടെ നിപ്പാ ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.
നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കാണ് നിപ്പാ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കു മലപ്പുറത്തുവച്ചു തന്നെയാണോ വൈറസ് ബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇവര്‍ കോഴിക്കോട്ട് അസുഖം ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നതായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറത്ത് വൈറല്‍ പനി പടര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. രണ്ടു പേര്‍ക്കു നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.