സംസ്ഥാനത്ത് ആശങ്കയായി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മെക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 23 ന് മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണവും അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം ഉയർന്നു. ചികിത്സയിലുള്ള രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നെല്ലിമൂടിന് സമീപം വെൺപകലിലെ കുളത്തിൽ മൂവരും കുളിച്ചതായി കണ്ടെത്തി. ആരോഗ്യവകുപ്പ് കുളം സീൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടിയിരുന്നു. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്.