തിരുവനന്തപുരം
സംസ്ഥാനത്ത് ഓഗസ്റ്റില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നു സര്‍ക്കാരിനു മുന്നറിയിപ്പ്. സാമൂഹികവ്യാപനസാധ്യത 85% വരെ ഉയരുമ്പോള്‍ രോഗികളുടെ എണ്ണം ഒരുലക്ഷത്തിനു മുകളിലായേക്കാമെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലാണിതെന്നും ശ്രദ്ധ പാളിയാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഏതുനിമിഷവും സാമൂഹികവ്യാപനം ഉണ്ടായേക്കാമെന്നും ആറു ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്തുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ. െശെലജ.
കോവിഡ് വ്യാപനം തടയാന്‍ നിരീക്ഷണത്തിനും ചികിത്സയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങിയശേഷമാണു രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ വരെ ഇതു തുടരും. സാമൂഹികവ്യാപനം പ്രതീക്ഷിക്കുന്നതിന്റെ പകുതി നിരക്കിലാണെങ്കില്‍പ്പോലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗപ്പകര്‍ച്ചാസാധ്യത കൂടുതലായിരിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കു കൂടുതല്‍ ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍പ്പോലും, അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം, കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ശാരീരിക അകലം ഉള്‍പ്പെടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും.
കടകള്‍, ചന്തകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനക്കൂട്ടം അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പോലീസ് കണ്‍ട്രോള്‍ റൂമിന് അയയ്ക്കാന്‍ ജനം മുന്നോട്ടുവരണം. ഓരോരുത്തരും നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ സ്വയം രേഖപ്പെടുത്തുന്ന കോവിഡ് ഡയറിയുണ്ടാകണം. വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍നിന്നു നേരേ വീടുകളിലേക്കാണു പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. രാത്രി ഒന്‍പതിനുശേഷമുള്ള വാഹനഗതാഗതത്തിന് എല്ലായിടത്തും നിയന്ത്രണമുണ്ടാകും. ഹെല്‍മെറ്റും മുഖാവരണവും ധരിക്കാത്ത ഇരുചക്രവാഹനയാത്രികര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.
നിയമലംഘനം കണ്ടാല്‍ ഫോട്ടോയെടുത്ത് പോലീസിനെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണെന്നു മന്ത്രി െശെലജ പറഞ്ഞു. ഇതു കണക്കിലെടുത്ത് തിരുവനന്തപുരം ഉള്‍പ്പെടെ ആറു ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതലായതിനാല്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. സാമൂഹികവ്യാപനം ഉണ്ടായോയെന്നു കണ്ടെത്താനുള്ള ആന്റിബോഡി പരിശോധനാഫലങ്ങള്‍ ക്രോഡീകരിക്കുകയാണ്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണമനുസരിച്ചു ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി തയാറാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു പ്രകാരം 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ് െലെന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു മാത്രമായി 8,537 കിടക്കകള്‍, 872 ഐ.സി.യു. കിടക്കകള്‍, 482 വെന്റിലേറ്ററുകള്‍ എന്നിവ തയാറാക്കിയിട്ടുണ്ട്.
രോഗികള്‍ കൂടുന്ന മുറയ്ക്ക് തിരെഞ്ഞെടുപ്പക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. രണ്ടാം നിര ആശപത്രികളും സജ്ജമാക്കും. നിലവില്‍ സജ്ജീകരിച്ച 29 കോവിഡ് ഫസ്റ്റ് െലെന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 3,180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. പ്ലാന്‍ എയും പ്ലാന്‍ ബിയും പ്ലാന്‍ സിയും നടപ്പാക്കുന്നതോടെ 171 കോവിഡ് ഫസ്റ്റ്‌െലെന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പത്തുലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗബാധയുള്ളത്. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തിന്റേത് 3.1 ശതമാനമാണെന്നുും മുഖ്യമന്ത്രി പറഞ്ഞു.