തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.
ജനുവരി 23ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി തീരുമാനിക്കാന്‍ ആണ് ധാരണയായിരിക്കുന്നത്. തിയതി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സജി ചെറിയാന്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കായി നല്‍കുകയാണ് ചെയ്തത്. തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയതോടെ സജി ചെറിയാനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ മറ്റ് നിയമ തടസങ്ങള്‍ ഇല്ലെന്ന വിലയിരുത്തലിലാണ് സിപിഎം.