Friday, November 22, 2024
HomeNewsKeralaസജീഷേട്ടാ…നമ്മുടെ മക്കളെ നന്നായി നോക്കണേ……ലിനിയുടെ അവസാന വാക്കുകള്‍

സജീഷേട്ടാ…നമ്മുടെ മക്കളെ നന്നായി നോക്കണേ……ലിനിയുടെ അവസാന വാക്കുകള്‍

രണത്തിന്റെ മാലാഖ തനിക്കു ചുറ്റും പറക്കുന്നത് അവള്‍ അറിഞ്ഞിരുന്നിരിക്കണം. തന്റെയുള്ളില്‍ ചുരയ്ക്കുന്ന പാല്‍മണം അവളുടെ നോവേറ്റിയിരുന്നിരിക്കണം. ഇനിയൊരു കാഴ്ചയില്ലെന്ന ഉറപ്പില്‍ തന്നെയാവണം പനിച്ചൂടില്‍ വിറയ്ക്കുന്ന കരങ്ങളോടെ ആ മാലാഖ തന്റെ പ്രിയപ്പെട്ടവന് ഈ വരികള്‍ കുറിച്ചത്. ”സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…പാവം കുഞ്ചു, അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്‌സ് ഓഫ് ലവ്..ഉമ്മ…”
നിപ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനുമുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് ഭര്‍ത്താവിനെഴുതിയ കത്താണിത്.

ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആറു വര്‍ഷമായി താലൂക്ക് ആശുപത്രിയില്‍ നഴ്‌സാണ്. പറക്കമുറ്റാത്ത രണ്ടു മക്കളും അമ്മയും മാത്രമാണു ലിനിയുടെ വീട്ടിലുള്ളത്.

ഇളയ മകന്‍ സിദ്ധാര്‍ഥിനു പാലുകൊടുത്ത ശേഷം വ്യാഴാഴ്ചയാണു ലിനി ആശുപത്രിയിലേക്കു തിരിച്ചത്. വൈകിട്ട് ആറുമണിക്ക് ജോലിക്കു കയറി. നിപ്പ വൈറസ് ബാധിതരായ (പിന്നീടു മരിച്ച) മൂന്നു പേരും അവിടെ ചികില്‍സയിലുണ്ടായിരുന്നു. രാത്രി മുഴുവന്‍ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വിഡിയോ കോള്‍ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.

മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) വാര്‍ഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടതു ലിനി തന്നെയാണ്. ആശുപത്രിയില്‍ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭര്‍ത്താവ് സജീഷ് കഴിഞ്ഞ ദിവസം രാവിലെ മൂന്നുമണിയോടെ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവില്‍ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അവാന്‍ മീഡിയയില്‍ അക്കൗണ്ടന്റായാണ് സജീഷ് ജോലി നോക്കുന്നത്.

നാട്ടിലെ നഴ്‌സിംഗ് ജോലി ഒരു എക്‌സ്പീരിയന്‍സിന് പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനിലെത്തി ഭര്‍ത്താവിന്റെ കൂടെ ജീവിക്കുകയും ജോലി തുടരുകയും ചെയ്യാമെന്നായിരുന്നു കണക്കു കൂട്ടല്‍.

2012 മെയ് 26നായിരുന്നു വിവാഹം.  രണ്ടു മക്കള്‍. വിധുല്‍(5) , സിദ്ധാര്‍ഥ്(2). ഈ മാസം 26ന് വിവാഹത്തിന്റെ ആറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ലിനി വെസ്റ്റ്ഹില്ലിലെ ഇലക്ട്രിക്ക് ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments