സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിനേയും സുഹൃത്തിനേയും വളഞ്ഞ സംഘത്തെ വെട്ടിലാക്കി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അവസാനം ഇവര്‍ക്കു തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കേണ്ടതായി വന്നു. തങ്ങളുടെ ഭാഗം ക്ലീനാക്കാനായി പൊലീസിനെ വിളിച്ചു വരുത്തിയ സംഘത്തെ പൊലീസ് തന്ത്രപൂര്‍വമാണ് വലയിലാക്കിയത്. സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പടെ എട്ടംഗ സംഘം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പെരിയയിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കാളേജ് വിദ്യാര്‍ഥിനിയേയും ആണ്‍സുഹൃത്തിനേയും തടഞ്ഞുവച്ചാണ് സംഘം സദാചാരപൊലീസ് ചമഞ്ഞത്. പെരിയ മൂന്നാംകടവ് റോഡിനു സമീsuപം പാതയോരത്ത് ബൈക്ക് നിര്‍ത്തിയിരിക്കുന്നതു കണ്ടാണ് അതുവഴി വന്ന സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഈ സമയം തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ്‍സുഹൃത്തിനൊപ്പം കോളേജ് വിദ്യാര്‍ഥിനായായ പെണ്‍കുട്ടിയെ കണ്ടു.
ഇരുവരേയും ചോദ്യം ചെയ്യുന്നതിനിടെ സംഘത്തിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ബാഗിലുണ്ടായിരുന്ന ബ്ലേഡെടുത്ത് കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രംഗം വഷളായതോടെ സംഘാംഗങ്ങള്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസിനെ വിവരം അറിയിച്ചു.
പ്രതികളില്‍ നിന്ന് തന്ത്രപൂര്‍വം കാര്യങ്ങള്‍ മനസിലാക്കിയ പൊലീസ് അവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പറയുന്നത് വിശ്വസിച്ചതായി അഭിനയിച്ച പൊലീസിനോട് അവര്‍ സത്യം പറയുകയും പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. പെരിയ മൊയോലം സ്വദേശികളായ രാധാകൃഷ്ണന്‍, മകന്‍ അജയ് ജിഷ്ണു, പ്രദേശവാസികളായ ശ്യാംരാജ്, ശിവപ്രസാദ്, അഖില്‍, ശ്രീരാഗ്, സുജിത്, സുബിത് എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
മൊയോലം ഭാഗത്തുകൂടി സുഹൃത്തിനൊപ്പം സഞ്ചരിക്കവെ മൂത്രമൊഴിക്കാനായി ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയെന്നും പിന്തുടര്‍ന്നെത്തിയ സംഘം തന്നെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും, ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.