തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മർദങ്ങൾക്ക് വഴങ്ങുന്ന ആളല്ല താനെന്നും സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും ഗവർണർ പറഞ്ഞു.
കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോൾ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും ഗവർണർ കുറ്റപ്പെടുത്തി.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കുന്നതാണ് ഗവർണർക്കെതിരെ നിയമനടപടിക്കൊരുങ്ങാൻ കാരണമായത്. ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി. വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.