കൊട്ടാരക്കര: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി. സരിത എസ്. നായരുടെ കത്ത് തിരുത്തിയത് ഗണേഷെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. മൂന്ന് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ്. 21 പേജുള്ള കത്ത് ഗണേഷ് 24 പേജാക്കിയെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യമാണ് ഇതിന് കാരണമെന്നും ഉമ്മന്‍ചാണ്ടിയുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്.
ഗണേഷ്‌കുമാര്‍ തന്നോട് വിരോധം തീര്‍ക്കുകയായിരുന്നു. തിരികെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം ഗണേഷ് തീര്‍ക്കുകയായിരുന്നു. ഈ നാല് പേജിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയതാണ്. നേരത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും 21 പേജുള്ള കത്താണ് സരിത കൈമാറിയതെന്ന് വെളിപ്പെടുത്തിയിരുന്നു. 21 പേജുള്ള കത്തിന് ശേഷം കൂട്ടിച്ചേര്‍ത്ത പേജുകളുള്ള കത്തും സോളാര്‍ കമ്മീഷനിലും ഹാജരാക്കിയിരുന്നു.
മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ഉമ്മന്‍ ചാണ്ടി ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുവരുമെന്നും പ്രതികരിച്ചു
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കേസിലെ മുഖ്യ പ്രതിയായിരുന്ന സരിത എസ്.നായര്‍ രംഗത്തെത്തി. സ്വയം എഴുതിയ കത്താണ് ഇതെന്നും ആരും പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രതികരണം. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.
നേരത്തെ ഗണേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷായിരുന്നു എന്ന് അന്ന് ഫെനി പറയുകയുണ്ടായി. ഗണേഷ് കുമാറിന്റെ വീട്ടിൽ വച്ചാണ് നാലു പേജ് കൂട്ടിച്ചേർത്തതെന്നും ഫെനി പറഞ്ഞു. ബാലകൃഷ്ണപിള്ളിയുടെ ബന്ധു ശരണ്യ മനോജാണ് ഈ നാല് പേജ് എഴുതി തയ്യാറാക്കിയത്. 2015 മാർച്ച് 13 നായിരുന്നു ഇത്. പത്തനംതിട്ട ജയിലിൽ നിന്ന് ഞാൻ കൊണ്ടു വന്ന കത്ത് തന്റെ കൈയിയിൽ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തിൽ വച്ചാണ് ഇവർ എഴുതിചേർത്ത പേജുകൾകൂടി കത്തിലേക്ക് കൂട്ടിചേർത്തത്. അതു കൊണ്ട് എല്ലാർക്കും പണി കൊടുക്കാനാണ് കത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയതെന്ന് ഗണേഷിന്റെ പിഎ തന്നോട് പറഞ്ഞിരുന്നു. ടവർ ലക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകും. ഫെനി വ്യക്തമാക്കിയിരുന്നു.
തനിക്ക് ലഭിച്ചത് 21 പേജുള്ള കത്താണെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മീഷന് മുന്നിൽ മൊഴി നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സരിതയുടെ കത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ കേസെടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി നേതാക്കൾ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സരിത ആരോപണമുയർത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത സോളാർ കമ്മീഷന് കത്ത് നൽകുകയും ചെയ്തു. മുൻ മന്ത്രി എപി അനിൽ കുമാർ, ജോസ് കെ മാണി. അടൂർ പ്രകാശ്,പളനിമാണിക്യം, മുൻ കെപിസിസി സെക്രട്ടറി എൻ സുബ്രഹ്മണ്യം,ഹൈബി ഈഡൻ, കെസി വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ കത്തിൽ പരാമർശിച്ചിരുന്നു. ഇവർക്കെതിരെ ബലാത്സംഗ കുറ്റത്തിന് അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം വിവാദ കത്തിൽ തനിക്കെതിരയെുള്ള പരാമർശങ്ങൾ നീക്കണം എന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവാദ ഭാഗങ്ങൾ കോടതി നീക്കുകയുമുണ്ടായി. ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് പത്രക്കുറിപ്പ് ഇറക്കിയതും സർക്കാർ എടുത്ത തുടർ നടപടികളും പുനഃപരിശോധിക്കണമെന്നും നിർദ്ദേശിച്ചു. റിപ്പോർട്ടിന്റെ മറ്റ് ഭാഗങ്ങൾ നിലനിൽക്കുമെന്നും കോടതി അറിയിച്ചു. സരിതയുടെ കത്തും അതിന്മേലുള്ള പരാമർശങ്ങളും നീക്കുന്നതോടെ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് അന്വേഷിക്കാൻ വിഷയമില്ലാതായിട്ടുണ്ട്.
കൂട്ടിച്ചേർക്കലുകൾ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിൽ സോളർ കമ്മീഷന്റെ കണ്ടെത്തലുകളിലും നിഗമനങ്ങളിലും ഉമ്മൻ ചാണ്ടിക്കെതിരെ തെറ്റായ പരാമർശങ്ങളുണ്ടായി എന്നാരോപിച്ചാണ് സുധീർ ജേക്കബ് എന്നയാൾ കൊട്ടാരക്കര കോടതിയെ സമീപിച്ചത്. ഫെനി ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പ് തുടങ്ങിയവരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.