സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യേണ്ടത് പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്തം; വ്യാജനെങ്കില്‍ അകത്തുപോകുമെന്ന് വിസി 

0
20

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഡ്മിഷന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേരള സര്‍വകലാശാല. ഇനിയുള്ള അഡ്മിഷനുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്ത് അതത് പ്രിന്‍സിപ്പല്‍മാര്‍ യഥാര്‍ഥമാണെന്ന് ഉറപ്പാക്കി സര്‍വകലാശാലയ്ക്ക് നല്‍കണം. ഇത്രയും നാള്‍ ഇത് ഒരു നിര്‍ദേശം മാത്രമായിരുന്നു. ഇനി മുതല്‍ ഇത് രേഖയാണ്. ഇനിമുതല്‍ കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ പ്രിന്‍സിപ്പല്‍ അകത്തുപോകുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത് വ്യക്തിപരമായി ഉറപ്പാക്കേണ്ടത് പ്രിന്‍സിപ്പല്‍ ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയില്‍ മുഴുവന്‍ അഡ്മിഷനും നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് ഉറപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. 

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ കോളജുകളോടും കൗണ്‍സിലര്‍മാരുടെ ലിസ്റ്റ് തരാന്‍ ആവശ്യപ്പെട്ടിരുന്നു. 20നകം ലിസ്റ്റ് തരാനാണ് പറഞ്ഞത്. ഇതിനകം ലിസ്റ്റ് തരാത്ത കോളജുകളില്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ഇല്ല. തെരഞ്ഞെടുത്ത കൗണ്‍സിലര്‍മാരുടെ പട്ടിക നല്‍കി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ ഇല്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

Leave a Reply