സായാഹ്‌ന വാർത്തകൾ
2020 ജൂലൈ 16 | 1195 കർക്കടകം 1 | വ്യാഴാഴ്ച (കാർത്തിക നാൾ)
സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം മുറുകിയിരിക്കേ യുഎഇ നയതന്ത്രാലയത്തിലെ അറ്റാഷെ റഷീഗ് ഖാമിസ് അല്‍ അഷമി യുഎഇയിലേക്കു മടങ്ങിപ്പോയി. ഞായറാഴ്ച ഡല്‍ഹിക്കു പോയ അദ്ദേഹം അവിടെനിന്നാണ് യുഎഇയിലേക്കു പോയത്. അന്വേഷണം അറ്റാഷെയിലേക്കും നീങ്ങുമെന്ന അവസ്ഥയിലാണ് രാജ്യംവിട്ടത്. സ്വര്‍ണം അടങ്ങിയ നയതന്ത്ര ബഗേജ് അറ്റാഷെയുടെ പേരിലാണ് എത്തിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കും. സര്‍ക്കാര്‍ തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. ശിവശങ്കര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിനും മുന്നണിക്കും കളങ്കമേല്‍പ്പിക്കുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതാക്കളുമായി കൂടിയാലോചിച്ചു. ചീഫ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും ഇന്നു ലഭിക്കും.
എന്‍ഐഎ സന്ദീപിന്റെ ബാഗില്‍നിന്ന് കണ്ടെത്തിയത് നിര്‍ണായക രേഖകള്‍. പണം നല്‍കിയവരുടെ വിശദാംശങ്ങളും സഹകരണ ബാങ്കിലെ എട്ടു ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ് രേഖകളും ലഭിച്ചു. ത്. ഇടപാടുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡയറി, ലാപ്‌ടോപ് എന്നിവയും കണ്ടെടുത്തു. സ്വര്‍ണ്ണക്കടത്തിന് പണം നല്‍കിയവരുടെ വിവരങ്ങളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സന്ദീപിനെ വീണ്ടും ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളാണ് ബാഗിലുള്ളത്.
മെയ്, ജൂണ്‍ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. എന്നാല്‍ ലോക് ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കാനാണ് പെന്‍ഷന്‍ വിതരണം നേരത്തെയാക്കുന്നതെന്ന് ധനമന്ത്രി.
സ്വര്‍ണം പിടിച്ച ദിവസം സ്വപ്ന തിരുവനന്തപുരത്തെ വിവാദ ഫ്‌ളാറ്റ് ടവറിന്റ പരിധിയില്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളിലാണ് ഈ വിവരം. എന്നാല്‍ സന്ദീപിന്റെയോ സരിത്തിന്റേയോ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിട്ടില്ല.
സരിത്തും സ്വപ്നയും ഉള്‍പ്പെട്ട സംഘം ജൂണ്‍ മാസത്തില്‍ 70 കിലോ സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ടുകള്‍. മൂന്നു തവണയായാണ് സ്വര്‍ണം കടത്തിയത്. കാര്‍ഗോയിലെത്തുന്ന സ്വര്‍ണം എയര്‍പോര്‍ട്ടില്‍നിന്നു നേരെ സന്ദീപിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. 70 കിലോ ഗ്രാം സ്വര്‍ണത്തില്‍നിന്നു 33 കിലോ സ്വര്‍ണം വാങ്ങിയ മലപ്പുറം സ്വദേശിയായ സെയ്തലവിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ കരിയാട് ജൂലൈ 13ന് മരിച്ച കിഴക്കേടത്ത് സലീഖിന് കോവിഡ് സ്ഥിരീകരിച്ചു. ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്ന് എത്തിയ സലീഖ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷവും വീട്ടില്‍ തുടരുകയായിരുന്നു. ഉദരസംബന്ധമായ രോഗമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മതിയായ ചികിത്സ തേടിയില്ലെന്നാണ് വിവരം.
എയര്‍ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവച്ചു. ഗ്രൗണ്ട് ഹാന്‍ഡലിങ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജിവച്ചത്. സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി ആവശ്യപ്പെട്ടതിനാലാണ് ബിനോയ് രാജിവച്ചത്. സ്വപ്ന സുരേഷ് എയര്‍ഇന്ത്യ സാറ്റ്സില്‍ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു.
മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനു സ്വര്‍ണക്കടത്ത് ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്പിങ്ക്‌ളര്‍ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇത് ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കുന്നതെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.
പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്നല്ലാതെ നിശ്ചിത ശതമാനം കുറയ്ക്കാമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് താരസംഘടനയായ അമ്മ. പ്രതിഫലക്കാര്യം കൂടിയാലോചനയിലൂടെ തീരുമാനിക്കട്ടെ. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും അഭിപ്രായങ്ങളനുസരിച്ച് ചെയ്യാം. എന്നാല്‍, അതില്‍ അഭിനേതാക്കള്‍ക്കു വിലക്കേര്‍പ്പെടുത്താനാകില്ല. നിലപാട് വ്യക്തമാക്കി അമ്മ നിര്‍മാതാക്കളുടെ അസോസിയേഷന് കത്തയച്ചു.
ടെലിവിഷന്‍ ഓണാക്കാന്‍ അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിനിയെ അയല്‍വാസി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
സച്ചിന്‍ പൈലറ്റ് വിഭാഗത്തിലെ എംഎല്‍എമാര്‍ താമസിച്ചിരുന്ന ഹരിയാണ മനേസറിലെ റിസോര്‍ട്ട് ക്വാറന്റീന്‍ കേന്ദ്രമാക്കി. ഹരിയാണയിലെ ബിജെപി സര്‍ക്കാരിന്റെ സുരക്ഷിതവലയത്തില്‍നിന്ന് ജയ്പുരിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് നേതൃത്വം സച്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിറകെയാണ് ഒറ്റരാത്രികൊണ്ട് എംഎല്‍എമാര്‍ താമസിക്കുന്ന ബെസ്റ്റ് വെസ്റ്റേണ്‍ റിസോര്‍ട്ട് ക്വാറന്റീന്‍ കേന്ദ്രമാക്കിയത്.
മാരുതി സുസുക്കിയുടെ ഒന്നര ലക്ഷം ബലേനോയും വാഗണ്‍ ആറും തിരിച്ചുവിളിക്കുന്നു. ഈ വാഹനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫ്യുവല്‍ പമ്പില്‍ കമ്പനി നിര്‍മാണ തകരാര്‍ സംശയിക്കുന്നതിനാലാണു തിരിച്ചുവിളിക്കുന്നത്. 2018 നവംബറിനും 2019 ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച വാഗണ്‍ ആര്‍, 2019 ജനുവരിക്കും 2019 നവംബറിനും മധ്യേ നിര്‍മ്മിച്ച ബലേനോ കാറുകളാണ് തിരിച്ചുവിളിക്കുന്നത്.
ആസാമിലെ പ്രളയത്തില്‍ മരണം 92 ആയി. സോനിത്പൂര്‍, ബാര്‍പേത, ഗോലാഘട്ട, മോറിഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളും കര കവിഞ്ഞൊഴുകുകയാണ്. ഇരുപതു ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
ബിഹാറില്‍ 260 കോടി രൂപ മുടക്കി നിര്‍മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞതിനു പിറകേ തകര്‍ന്നുവീണു. ഗോപാല്‍ ഗഞ്ജിലെ ഗണ്ഡക് നദിക്കു കുറുകേയുള്ള പാലമാണ് ഉദ്ഘാടനത്തിനുശേഷം 29ാം ദിവസം വെള്ളം ഉയര്‍ന്നതോടെ തകര്‍ന്നത്. മുഖ്യമന്ത്രി നിതീഷ്‌കുമാറാണ് പാലം ഉദ്ഘാടനം ചെയ്‌തത്.
കോവിഡ് 19 പ്രതിരോധ വാക്സിന്‍ വികസനം യാഥാര്‍ഥ്യമായാല്‍ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ തുല്യമായി ലഭ്യമാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സ്പെയിന്‍, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ചേര്‍ന്നാണ് ട്രൂഡോയുടെ അഭ്യര്‍ഥന.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ദാദ ക്വാറന്റൈനില്‍ പോയത്. ബുധനാഴ്ചയാണ് സ്‌നേഹാശിഷ് ഗാംഗുലിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്.
ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍ നിന്ന് നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭിച്ചേക്കുമെന്ന് വിവരം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കാന്‍ ഗൂഗിള്‍ ആരംഭിച്ചു. ഡുണ്‍സോ പോലുള്ള മൂന്നാം പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാരും ഭക്ഷണം ഉപഭോക്താവിന് എത്തിക്കുക. മറ്റ് തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകളുടെ സേവനം കൂടി ഭക്ഷണ വിതരണത്തിന് ലഭ്യമാക്കാനാണ് ഗൂഗിള്‍ ആലോചി.ക്കുന്നത്.
തങ്ങളുടെ സ്ഥിരം ജീവനക്കാരോട് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള അവധിയില്‍ പോകാന്‍ എയര്‍ ഇന്ത്യ നിര്‍ദ്ദേശിച്ചേക്കും. ഈ അവധി അഞ്ച് വര്‍ഷം വരെ നീട്ടാനാവും. നിലവിലെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ജീവനക്കാര്‍ക്ക് ജൂലൈ 14 ന് നല്‍കിയ നോട്ടീസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
സംവിധായകന്‍ മണിരത്നം നിര്‍മ്മിക്കുന്ന ‘നവരസ’ വെബ്സീരിസില്‍ ഒന്‍പത് സംവിധായകരും പ്രമുഖ താരങ്ങളും ഒന്നിക്കുന്നു. നവരസഭാവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന വെബ് സീരിസിനായി സംവിധായകരായ ബിജോയ് നമ്പ്യര്‍, ജയേന്ദ്ര, സുധ കൊങ്കര തുടങ്ങിയവരാണ് ഒന്നിക്കുന്നത്. നടന്‍മാരായ സിദ്ധാര്‍ഥ്, അരവിന്ദ സ്വാമി എന്നിവര്‍ ഈ വെബ് സീരീസിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. വിജയ് സേതുപതി, സൂര്യ, ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ വേഷമിടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ഡൗണ്‍ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ ഒരുങ്ങുകയാണ് നടന്‍ സോനു സൂദ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ആണ് പുസ്തകം പുറത്തിറക്കുക. ലോക്ഡൗണ്‍ നല്‍കിയ അനുഭവങ്ങളാണ് സോനു പുസ്തകത്തില്‍ പകര്‍ത്തുക. അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്നുറപ്പു വരുത്തിയിട്ടേ താന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുള്ളൂവെന്ന് സോനു സൂദ് പ്രഖ്യാപിച്ചിരുന്നു. സ്വദേശങ്ങളില്‍ തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ സോനുവിനെ വീരനായകനായാണ് കണ്ടിരുന്നത്.
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് സെഡാന്‍ മോഡല്‍ റാപ്പിഡിന്റെ പുതിയ വേരിന്റ് അവതരിപ്പിച്ചു. റാപ്പിഡ് റൈഡര്‍ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 7.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ക്യാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍ എന്നീ നാല് നിറങ്ങളിലാണ് റൈഡര്‍ പ്ലസ് നിരത്തിലെത്തുന്നത്.