Friday, October 4, 2024
HomeNewsKeralaസിദ്ധാര്‍ഥിന്റെ ആത്മഹത്യ: പൊലീസിന് കൂടുതല്‍ വിവരം കിട്ടി, പ്രതിപ്പട്ടിക നീളും, എസ്എഫ്‌ഐ നേതാക്കളടക്കം 12 പേര്‍...

സിദ്ധാര്‍ഥിന്റെ ആത്മഹത്യ: പൊലീസിന് കൂടുതല്‍ വിവരം കിട്ടി, പ്രതിപ്പട്ടിക നീളും, എസ്എഫ്‌ഐ നേതാക്കളടക്കം 12 പേര്‍ ഒളിവില്‍

പൂക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്ന് പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.കോളേജിനകത്തുവച്ച് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച സംഭവത്തില്‍ 18 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതില്‍ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എസ് എഫ് ഐ നേതാക്കളടക്കം 12 പേര്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കല്‍പ്പറ്റ ഡി വൈ എസ് പി ടി എന്‍ സജീവനാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം സിദ്ധാര്‍ഥ് ക്രൂര മര്‍ദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മൂന്നുനാള്‍ വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മര്‍ദനമെന്നാണ് നിഗമനം. എന്നാല്‍, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അതിനിടെ സിദ്ധാര്‍ത്ഥിനെ കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാരോപിച്ച് അച്ഛന്‍ ജയപ്രകാശ് രംഗത്തെത്തിയിരുന്നു. സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛന്‍ പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ച സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments