ഹൃദയം തുളുമ്പുന്ന മുപ്പതോളം ചിത്രങ്ങളാണ് ആ അക്ഷരച്ചെപ്പിൽ നിന്നും പിറന്നുവീണത്. തമാശ നിറഞ്ഞ, ഉള്ളിൽ വേദനിക്കുമ്പോഴും ഒരൽപ്പം മധുരിക്കുന്ന എത്രയോ ജീവിതമുഹൂർത്തങ്ങൾ ആ പേനത്തുമ്പിൽ നിന്നും ഊർന്നുവീണു. ഇന്നും ആ സിനിമകളെല്ലാം മലയാളികൾ ഹൃദയത്തോടു ചേർന്നുപിടിക്കുന്നവയാണ്. രണ്ടുചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
മറക്കാതെ കുട്ടിച്ചാത്തൻ
നവോദയ ത്രിമാന സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ ലോകത്തു തന്നെ അത്തരം ചിത്രങ്ങൾ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. ചിത്രത്തിനുവേണ്ടി പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ഒത്തുവന്നില്ല. പിന്നീടാണ് കുട്ടിച്ചാത്തനിലേക്ക് എത്തുന്നത്. സംവിധായകൻ ജിജോ രണ്ടു വർഷം കുട്ടിച്ചാത്തന്റെ പിറകെ തന്നെയായിരുന്നു. എന്നാൽ കൃത്യമായി തിരക്കഥയാക്കാൻ കഴിയാതെ വന്നപ്പോഴാണ് എന്നെ സമീപിച്ചത്. ഒരു ദിവസം ഞാൻ ചെന്നൈയിൽ ചെന്നു കഥ വിശദമായി കേട്ടു. അന്ന് വൈകുന്നേരം തിരക്കഥയുടെ ഏകദേശ രൂപം തയ്യാറാക്കി. ജിജോയ്ക്ക് അത് ഇഷ്ടമായി. കഥ കേട്ട ആവേശത്തിൽ അപ്പോൾ തന്നെ ഷൂട്ടിംഗ് തീയതി തീരുമാനിച്ചു. കുട്ടിച്ചാത്തൻ എന്ന ആശയം പൂർണമായും ജിജോയുടെതായിരുന്നു. ഞാൻ ഏറ്റവും സമയമെടുത്ത് എഴുതിയ സ്ക്രിപ്റ്റാണ് മൈഡിയർ കുട്ടിച്ചാത്തന്റേത്.
കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്ത കുട്ടിച്ചാത്തനിൽ മാസ്റ്റർ അരവിന്ദും മാസ്റ്റർ സുരേഷും മാസ്റ്റർ മുകേഷും ബേബി സോണിയയുമായിരുന്നു കുട്ടിതാരങ്ങൾ. കൊട്ടാരക്കര ശ്രീധരൻനായർ മന്ത്രവാദിയായി. മുകേഷും ജഗദീഷും ജഗതി ശ്രീകുമാറും ഇന്ദ്രൻസും രാജൻ. പി. ദേവും സലിംകുമാറും സൈനുദ്ദീനും ഒരു മിന്നായം പോലെ മുഖം കാട്ടി. വർഷങ്ങൾ കഴിഞ്ഞ് കുട്ടിച്ചാത്താൻ വീണ്ടും വന്നപ്പോഴും പതിന്മടങ്ങ് വിജയം ആവർത്തിച്ചു. ഇന്ത്യയിൽ പിന്നീട് ഇറങ്ങിയ ത്രിമാന സിനിമകളിലൊന്നും കുട്ടിച്ചാത്തന്റെ ദൃശ്യ ശ്രവ്യ അനുഭവം ഉണ്ടായതുമില്ല.
രാരീ രാരീരം രാരോ
ആകാശത്തേക്കൊരു ജാലകം എന്ന എന്റെ കഥയാണ് ഒന്നു മുതൽ പൂജ്യം വരെ. ഷാജി.എൻ. കരുണായിരുന്നു കാമറ. ഞാൻ തിരക്കഥ എഴുതിയ മോഹൻലാൽ സിനിമ ’നേരം പുലരുമ്പോളി”ന്റെ ലൊക്കേഷനിൽ വച്ചാണ് ഷാജിയെ പരിചയപ്പെടുന്നത്. എന്നെപ്പോലെ ഒരു തുടക്കക്കാരന്റെ ചിത്രത്തിൽ ഷാജി സഹകരിക്കുമോയെന്ന് സംശയിച്ചു. ജിജോയ്ക്കും വിശ്വാസമില്ലായിരുന്നു. ജിജോ അത് എന്നോട് പറയുകയും ചെയ്തു. പക്ഷേ ഷാജി എത്തി. രാരീ രാരീരം എന്ന താരാട്ട് പാട്ട് ഒന്നു മുതൽ പൂജ്യം വരെ സിനിമയെ സമ്പന്നമാക്കി. ഇന്നും മലയാളം ഇഷ്ടപ്പെടുന്ന താരാട്ട് പാട്ടാണത്. സിനിമയിൽ അതിഥി വേഷത്തിൽ മോഹൻലാൽ. ടെലിഫോൺ അങ്കിൾ എന്ന കഥാപാത്രം ഇന്നും വിസ്മയമായി തുടരുന്നു. ഗീതു മോഹൻദാസ് ബാലതാരമായി അരങ്ങേറ്റം കുറിച്ച സിനിമ. ഗായകൻ ജി. വേണുഗോപാലിന്റെയും സംഗീത സംവിധായകൻ മോഹൻ സിത്താരയുടെയും ആദ്യ സിനിമ. ആറ് സംസ്ഥാന അവാർഡുകളാണ് ഒന്നു മുതൽ പൂജ്യം വരെ സ്വന്തമാക്കിയത്. എനിക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും കിട്ടി.
ഗീതുവിന്റെ ദീപമോൾ
ഇന്നും മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ടെലിഫോൺ അങ്കിൾ. ഇപ്പോൾ ചാനലിൽ ഒന്നു മുതൽ പൂജ്യം വരെ വരുമ്പോൾ ആളുകൾ രഘുനാഥ് പലേരിയെ വിളിക്കുന്നു. ദീപ മോളെക്കുറിച്ചും അവളുടെ ടെലിഫോൺ അങ്കിളിനെക്കുറിച്ചും പാട്ടുകളെക്കുറിച്ചും സംസാരിക്കുന്നു. കേന്ദ്ര കഥാപാത്രമായ ദീപ മോൾക്ക് വേണ്ടി ഞങ്ങൾ ഒരുപാടുപേരെ അന്വേഷിച്ചു. ആ സമയത്താണ് സംവിധായകൻ ടി.കെ. രാജീവ് കുമാർ തന്റെ സുഹൃത്തായ മോഹൻദാസിന് ഒരു മകളുണ്ടെന്നു പറയുന്നത്. അങ്ങനെ ഞങ്ങൾ ഗീതുവിനെ കണ്ടു. ഗീതുവിന്റെ കൂടെ കുറേ സമയം ചെലവഴിച്ചപ്പോൾ അവൾ തന്നെയാണ് ദീപമോൾ എന്ന് ഉറപ്പിച്ചു. ഇന്ന് ഗീതു സംവിധായികയായതിൽ അത്ഭുതപ്പെടുന്നില്ല. ഫോണിൽ ഒന്ന് രണ്ടു തവണ സംസാരിച്ചതൊഴിച്ചാൽ അതിനു ശേഷം ഇതുവരെ ഗീതുവിനെ നേരിൽ കണ്ടില്ല. അടുത്തിടെ ഫോണിൽ സംസാരിച്ചപ്പോൾ ഞാനെന്താ വിളിക്കേണ്ടതെന്നു ഗീതു ചോദിച്ചു. മുത്തച്ഛനെന്നു വിളിക്കാൻ ഞാൻ പറഞ്ഞു.
സിനിമകൾ ഇനിയുമുണ്ടാകും
ഒന്നു മുതൽ പൂജ്യം വരെ കഴിഞ്ഞ് ഇന്ത്യയിലെ പ്രശസ്തനായ നിർമ്മാതാവ് സിനിമ ചെയ്യാൻ സമീപിച്ചിരുന്നു. സംഘട്ടന രംഗങ്ങളും കളർഫുള്ളായ പാട്ടും ഉൾപ്പെടുത്തി ആക്ഷൻ സിനിമ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അതിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. സിനിമ ചെയ്യുന്ന സമയത്തു വരുന്ന തടസങ്ങളെ അതിജീവിക്കാനുള്ള കഴിവ് എനിക്കില്ല. ഏതു വഴിയിലൂടെയും സഞ്ചരിച്ചു പ്രോജക്ട് നടപ്പാക്കാനും വശമില്ല. പന്ത്രണ്ടുവർഷം മുൻപ് ഷാജിക്ക് ഞാൻ നൽകിയ ദക്ഷിണയാണ് പിറവിയുടെ തിരക്കഥ. എഴുതുമ്പോൾ തന്നെ ആ കഥയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചു ബോദ്ധ്യമുണ്ടായിരുന്നു. ഈച്ചര വാര്യരുടെയും രാജന്റെയും കഥ എല്ലാ മലയാളികളെയുംപോലെ എന്നെയും വൈകാരികമായി വേട്ടയാടിയിരുന്നു. അതിനു പിന്നിലെ രാഷ്ട്രീയം മാറ്റിവച്ചു മകനെത്തേടി വൃദ്ധനായ അച്ഛൻ നടത്തുന്ന അന്വേഷണം പറയാൻ ശ്രമിച്ചു. സിനിമകൾ സംഭവിക്കുന്നതാണ്. സിനിമയുമായി ഞാൻ വീണ്ടും വരും. ജിജോയുടെ സംവിധാനത്തിൽ ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ എഴുത്ത് ജോലിയിലാണ്. മലയാള സിനിമ ഇന്നുവരെ പരീക്ഷിക്കാത്ത ഐ മാക്സ് സാങ്കേതിക വിദ്യയിലാണ് നിർമ്മാണം.
പരാതികളില്ല, സന്തോഷം മാത്രം
സംവിധാന സഹായിയായി പ്രവർത്തിക്കാതെയാണ് ഞാൻ സംവിധായകനാവുന്നത്. 1978 മുതൽ തിരക്കഥ രചനയുമായി ഇവിടെയുണ്ട്. ആദ്യമായി തിരക്കഥയെഴുതിയ ചാരം സിനിമയുടെ ഛായാഗ്രാഹകൻ ഹേമചന്ദ്രന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് ചലച്ചിത്രകാരനായി മാറാൻ സഹായിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾ സിനിമയിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ നിരവധി അനുഭവങ്ങളുണ്ട്. എന്നുകരുതി, പഴയ ആളുകളൊന്നും വിളിക്കുന്നില്ല ,കാണുന്നില്ല എന്ന വിഷമം പേറി നടക്കുന്ന ആളല്ല ഞാൻ. ഒരു തരത്തിലുള്ള വേദനയും മനസിനെ ബാധിക്കാറില്ല. എപ്പോഴും സന്തോഷിച്ചു രസിച്ചു നിൽക്കാനാണ് ഇഷ്ടം. സ്മിതയാണ് ഭാര്യ, മേഘയും ആകാശും മക്കളാണ്.