സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ്; മധുരയിൽ ചെങ്കൊടി ഉയർന്നു

0
8

മധുര: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ പതാക ഉയർന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. പൊളിറ്റ് ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക്‌ സർക്കാർ അധ്യക്ഷനാകും. സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം സമ്മേളന നഗരിയിൽ എത്തി. പി ബി അംഗം ബി വി രാഘവലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ വിവിധ ഇടതുപാർട്ടി പ്രതിനിധികൾ പങ്കെടുക്കും.എൺപത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാർട്ടി കോൺഗ്രസിൻ്റെ ഭാഗമാകും. ഈ മാസം ആറ് വരെയാണ് പാർട്ടി കോൺഗ്രസ്. കേരളത്തിലെ അധികാരം നിലനിർത്തുന്നതിനൊപ്പം ദേശീയ പാർട്ടി സംഘടനാപരമായി കൂടുതൽ ശക്തിപ്പെടുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാകും പാർട്ടി കോൺഗ്രസിൽ ഉണ്ടാവുക.അതേസമയം, പാർട്ടിയെ നയിക്കാൻ ഇനിയാര് എന്നതാണ് പ്രധാന ചർച്ചയാകുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം പൂർത്തിയായതിനാൽ മാറി നിൽക്കുമെന്ന് പ്രകാശ് കാരാട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായ പരിധി ഇളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നതും നിർണ്ണായകമാണ്.പാർട്ടി സെക്രട്ടറി ആരാണെന്ന് 6-ന് മാത്രമേ അറിയൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പ്രായപരിധി ഇളവ് പാർട്ടി തീരുമാനിക്കുമെന്നും പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും പ്രായപരിധിയിൽ ഇളവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply